മൂന്നാർ: സഹ്യന്റെ നെറുകയിൽ ഹരിതകിരീടം ചൂടിനിൽക്കുന്ന മീശപ്പുലിമലയിലെ സൂര്യോദയം കാണാൻ യുവാക്കളുടെ ഒഴുക്ക്. രാത്രിയിൽ പെയ്തിറങ്ങുന്ന മഞ്ഞിൻകണങ്ങൾ പ്രഭാതത്തിൽ മലമുകളിൽ സൗന്ദര്യത്തിന്റെ പാൽക്കടൽ തീർക്കുകയാണ്. ഒപ്പം അതിശൈത്യത്തിന്റെ കുളിരും. പ്രഭാതത്തിന്റെ സൂര്യകതിരുകൾ മഞ്ഞിൽതട്ടി തങ്കപ്രഭ ചിതറിക്കുന്ന മനോഹരകാഴ്ച നിരവധിപേരെ ആകർഷിക്കുകയാണ്.
പുറംലോകം ഇതുവരെ അധികമൊന്നും അറിയാതെയിരുന്ന സൗന്ദര്യം കൂടുതൽ അറിഞ്ഞുതുടങ്ങിയത് 2016ൽ പുറത്തിറങ്ങിയ ചാർളി എന്ന ചിത്രത്തിലൂടെയാണ്. ജീവിതത്തിലെ അപ്രതീക്ഷിതമായ തിരിച്ചടികളിൽ മനംനൊന്ത് ജീവനൊടുക്കാനൊരുങ്ങിയ കഥാപാത്രത്തോടു നവവത്സരദിനത്തിൽ നായകൻ ദൂരേക്കു മിഴികൾ പായിച്ചു ചോദിക്കുന്നുണ്ട് – മീശപ്പുലിമലയിൽ മഞ്ഞിറങ്ങുന്നതു കണ്ടിട്ടുണ്ടോ. അതിന്റെ കാര്യം അപ്പോൾ പിടികിട്ടിയില്ലെങ്കിലും കഥാപാത്രം ജീവിതത്തിലേക്കു മടങ്ങിവരുന്നുണ്ട്.
ആ വർഷം മീശപ്പുലിമല കാണാനെത്തിയത് ആയിരക്കണക്കിനു യുവജനങ്ങളായിരുന്നു. മീശപ്പുലിമലയിലെ മഞ്ഞിറങ്ങുന്ന അതിമനോഹര ദൃശ്യം കാഴ്ചക്കാരുടെ കണ്ണിനോടൊപ്പം മനസിനും ചാഞ്ഞിറങ്ങുന്ന മഞ്ഞുപോലെ സുഖം പകരുകയാണ്.