മഞ്ഞിൻ പുതപ്പണിഞ്ഞ് മലമുകളിൽ സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു സ്വപ്നഭൂമിയുണ്ട് അതാണ് മീശപ്പുലിമല. വിരുന്നെത്തുന്നവരെ തണുപ്പുകൊണ്ടും ഉയരംകൊണ്ടും പുളകംകൊള്ളിക്കുന്ന മീശപ്പുലിമല. ഇടുക്കി ജില്ലയിലെ മൂന്നാറിൽനിന്നും 27 കിലോമീറ്റർ അകലെയാണ് മീശപ്പുലിമല സ്ഥിതിചെയ്യുന്നത്. ആനമുടി കഴിഞ്ഞാൽ പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി. ഉയരം 2,640 മീറ്റർ.
സീസണിൽ മൈനസ് ഡിഗ്രിയായിരിക്കും പലപ്പോഴും മീശപ്പുലിമലയിലെ താപനില. സാഹസിക വിനോദത്തിനും ട്രെക്കിംഗിനും പറ്റിയ സ്ഥലമായാണ് ഇവിടം കണക്കാക്കുന്നത്. മലമുകളിലെത്തിയാൽ മേഘക്കൂട്ടങ്ങളെ തൊട്ടടുത്തു കാണുന്ന പ്രതീതിയാണ് ഉണ്ടാകുക. മൂന്നാറിനോട് ചേർന്നുകിടക്കുന്ന ആനമുടി, കുണ്ടള ഡാം, കൊളുക്കുമല, ആനയിറങ്ങൽ ഡാം, പാണ്ടവൻ ഹിൽസ്, ടോപ്പ് സ്റ്റേഷൻ, തമിഴ്നാടിന്റെ പ്രദേശങ്ങൾ എന്നിവ മീശപ്പുലിമലയിൽ നിന്നാൽ കാണാം. മലയിലേക്കുള്ള ട്രെക്കിംഗിനിടയിൽ കുറിഞ്ഞിവാലി വെള്ളച്ചാട്ടം, റോഡോ ചെടികൾ, കാട്ടാനകൾ, വരയാടുകൾ എന്നിവയും കാണാം. ബേസ് ക്യാന്പിൽനിന്ന് 12 കിലോമീറ്റർ ദൂരമുണ്ട് മീശപ്പുലിമലയിലെത്താൻ. വനംവകുപ്പിന്റെ കീഴിലുള്ള കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനാണ് (കെഎഫ്ഡിസി) മീശപ്പുലിമലയിൽ ട്രെക്കിംഗ് നടത്തുന്നത്. നവംബർ മുതൽ മേയ് മാസം വരെയാണ് സന്ദർശനത്തിനു പറ്റിയ സമയം.
മലമുകളിലെ സ്വപ്നഭൂമിയിലേക്ക്
മൂന്നാർ ടൗണിനു സമീപത്തുള്ള കെഎഫ്ഡിസി ഓഫീസിൽനിന്നും ചെക്ക് ഇൻ ചെയ്ത ശേഷം അവിടെ നിന്നും ജീപ്പിലാണ് ബേസ് ക്യാന്പിലേക്ക് പോകുന്നത്. ബേസ് ക്യാന്പിലേക്ക് എത്തുന്നതിനുള്ള വാഹന വാടക പ്രത്യേകമായി നൽകണം. 2000 രൂപയാണ് ജീപ്പ് വാടകയായി നൽകേണ്ടത്.
വൈകുന്നേരത്തോടെ കോട്ടേജുകളിൽ എത്തി പിറ്റേദിവസം രാവിലെ ട്രെക്കിംഗ് ആരംഭിക്കുന്ന രീതിയിലാണ് മീശപ്പുലിമലയിൽ കെഎഫ്ഡിസി യാത്ര ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന ട്രെക്കിംഗ് തിരിച്ചെത്തുന്നത് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ്. കോട്ടേജുകളിൽ താമസിക്കുന്നവർക്ക് ട്രെക്കിംഗ് സമയത്ത് കഴിക്കാനുള്ള ഭക്ഷണവും വെള്ളവും പ്രത്യേക പാക്കേജാക്കി തരും.
ഗൈഡിന്റെ സഹായത്തോടെയായിരിക്കും മീശപ്പുലിമലയിലേക്കുള്ള യാത്രയും മടക്കവും. ഒറ്റയടി പാത മാത്രമുള്ള രണ്ട് കുന്നുകൾ കയറിയിറങ്ങി വേണം മീശപ്പുലിമലയിലെത്താൻ. ഒാരോ കുന്നുകൾക്കിടയിലും ചെറിയ അരുവികളും വരയാടിൻകൂട്ടങ്ങളെയും കാണാം. മലയിലേക്കു കയറുന്ന വഴിയിലൂടെയായിരിക്കില്ല തിരിച്ചിറങ്ങുന്നത്.
കോട്ടേജുകളും ടെന്റുകളുമായി കെഎഫ്ഡിസി
ഒരു ദിവസം പരമാവധി 61 പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് കെഎഫ്ഡിസി മീശപ്പുലിമലയിൽ ഒരുക്കിയിരിക്കുന്നത്. 20 ബേസ് ക്യാന്പ് ടെന്റുകളും 18 പേർക്ക് താമസിക്കാവുന്ന റോഡോ മാൻഷൻ കോട്ടേജും മൂന്ന് പേർക്കു താമസിക്കാവുന്ന ഹണിമൂണ് സ്പെഷൽ സ്കൈ കോട്ടേജുമാണ് ഇവിടെയുള്ളത്. ഹണിമൂണ് സ്പെഷൽ സ്കൈ കോട്ടേജിന് 9000 രൂപ. രണ്ട് പേർക്കു താമസിക്കാവുന്ന റോഡോ മാൻഷൻ കോട്ടേജിന് 6000 രൂപ. രണ്ട് പേർക്ക് താമസിക്കാവുന്ന ബേസ് ക്യാന്പ് ടെന്റിന് 4000 രൂപ
പ്രവേശനം ബുക്ക് ചെയ്തവർക്ക് മാത്രം
വനംവകുപ്പിന്റെ കീഴിലാണ് മീശപ്പുലിമലയിൽ ട്രെക്കിംഗ് നടത്തുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാത്രമേ മീശപ്പുലിമലയിൽ പ്രവേശനം അനുവദിക്കുന്നുള്ളു. www.kfdceco tourism.com വെബ്സൈറ്റിലൂടെ സഞ്ചാരികൾക്ക് ട്രെക്കിംഗ് ബുക്ക് ചെയ്യാം. ബുക്ക് ചെയ്തവർ ചെക്ക് ഇൻ ദിവസം ഉച്ചക്ക് രണ്ടോടെ മൂന്നാർ ടൗണിനു സമീപത്തുള്ള കെഎഫ്ഡിസി ഓഫീസിൽ എത്തിച്ചേർന്ന് ഇവിടെനിന്നു പാസ് കൈപ്പറ്റണം.
എത്തിച്ചേരാൻ
മൂന്നാറിലെത്തി പാലം കടന്ന് വലത്തേക്കു തിരിഞ്ഞ് സൈലന്റ്വാലി റോഡിലൂടെ ഒന്നര കിലോമീറ്റർ യാത്രചെയ്താൽ കെഎഫ്ഡിസി ഓഫീസിലെത്താം. ഇവിടെനിന്നും 24 കിലോമീറ്റർ യാത്രചെയ്താൽ റോഡോ വാലിയിലുള്ള ബേസ് ക്യാന്പിൽ എത്തിച്ചേരാം. ഇവിടെ മുൻകൂട്ടി ബുക്ക് ചെയ്ത ടെന്റകളും കോട്ടേജുകളും ലഭ്യമായിരിക്കും. ഇവിടെനിന്ന് അഞ്ച് കിലോമീറ്റർ യാത്രചെയ്താൽ റോഡോ മാൻഷനിലെത്താം.
വിവരങ്ങൾക്ക്
കെഎഫ്ഡിസി ഇക്കോ ടൂറിസം
മൂന്നാർ: 04865 230332, 8289821408,
8289821004