സ്വന്തം ലേഖകന്‍
കൊച്ചി: മീശ നോവലിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചതില്‍ വിവാദമാക്കാന്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും രംഗത്ത്. പുസ്തകരൂപത്തിലും ആഴ്ചപ്പതിപ്പിലും വന്ന മീശയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അവാര്‍ഡ് നല്കിയതും പ്രതിഷേധം ഉയരുന്നത്. ഹൈന്ദവ സ്ത്രീകളെ അപമാനിച്ചുവെന്ന പേരിലാണ് മീശയെ വിവിധ സംഘടന നേതാക്കള്‍ വിമര്‍ശിക്കുന്നത്.
വരുംദിവസങ്ങളില്‍ മീശയ്ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് സംഘടനകളുടെ തീരുമാനം. മികച്ച നോവൽ എന്ന വിഭാഗത്തിലാണ് എസ്. ഹരീഷിന്റെ മീശയെ തെരഞ്ഞെടുത്തത്. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം.
മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്ന നോവലില്‍ സ്ത്രീകള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനെ ചൊല്ലിയുണ്ടായ പരാമര്‍ശമാണ് വലിയ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. സ്ത്രീകളേയും പൂജാരിമാരേയും അപമാനിക്കുന്നു എന്നും ഹൈന്ദവ വിരുദ്ധമാണെന്നൂം ചൂണ്ടിക്കാട്ടി എന്‍എസ്എസും ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
ഇതിന് പിന്നാലെ യോഗക്ഷേമസഭയും പിന്നാലെ എന്‍എസ്എസുമെല്ലാം പ്രതിഷേധവുമായി എത്തി. ഇതോടെ മാതൃഭൂമി നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി. ഹരീഷ് പിന്മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നോവല്‍ പൂര്‍ണരൂപത്തില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ അവാര്‍ഡ് കൂടി ലഭിച്ചതോടെ വീണ്ടുംപഴയവിവാദം കത്തി പടരുകയാണ്.
കേരളത്തിലെ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ച എസ്. ഹരീഷിന്റെ മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്കാരം നല്‍കിയതിലൂടെ പിണറായിയും കൂട്ടരും നല്കുന്ന സന്ദേശമെന്താണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് ചോദിച്ചു. മീശനോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം ഹിന്ദുക്കളോടുള്ള പ്രതികാര നടപടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് വ്യക്തമാക്കുന്നു.
ഇത്രയും അപകീര്‍ത്തികരമായ നോവല്‍ കേരളം കണ്ടിട്ടില്ല. ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെ അപമാനിച്ചതിന്റെ തുടര്‍ച്ചയാണിതെന്നും അദേഹം കൂട്ടിച്ചേര്‍ക്കുന്നു.സാഹിത്യ അക്കാദമി അവാര്‍ഡുകളില്‍ മികച്ച നോവലായി എസ് ഹരീഷിന്റെ മീശ തെരഞ്ഞെടുത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് അക്കാദമി അധ്യക്ഷന്‍ വൈശാഖന് രംഗത്തു വന്നു.
പുരസ്കാര നിര്‍ണയത്തില്‍ പുനര്‍വിചിന്തനമില്ലെന്ന് വൈശാഖന് പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം നടക്കുന്നു. സാഹിത്യത്തെ സാഹിത്യമായി കാണണം നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരില്‍ കൃതിയെ തള്ളിപറയുന്നത് ശരിയല്ല. അക്കാദമി മതേതര സ്ഥാപനമാണ് അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ ബന്ധമില്ലെന്നും വൈശാഖന് ചൂണ്ടിക്കാട്ടി.