ദിലീപ്-ലാൽജോസ് കൂട്ടുകെട്ടിൽ ഇറങ്ങിയ മീശമാധവൻ മലയാള സിനിമയിൽ ട്രെൻഡ് ആയി മാറിയ സിനിമകളിൽ ഒന്നാണ്. മാധവൻ എന്ന കളളന്റെ വേഷത്തിൽ എത്തിയ ദിലീപ് ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
കള്ളനെ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചു. നടൻ ശ്രീനിവാസൻ ഈ ചിത്രത്തെക്കുറിച്ച് ഒരു ടെലിവിഷൻ പരിപാടിക്കിടെ മനസുതുറന്നത് ഇപ്പോൾ വൈറൽ ആണ്.
മീശമാധവൻ പോലൊരു സിനിമയുടെ വിജയം കണ്ടപ്പോൾ അത്തരമൊരു കഥ സിനിമായാക്കാൻ താനും ആഗ്രഹിച്ചിരുന്നുവെന്നാണ് ശ്രീനിവാസൻ പറയുന്നത്.
ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് മീശമാധവന്റെ കഥ നിലന്പൂരിലുളള ഒരു ചായക്കടയിൽ നിന്ന് സംവിധായകൻ ലാൽജോസും അതിന്റെ നിർമാതാക്കളും ചായകുടിച്ചുകൊണ്ടിരിക്കുന്പോൾ കിട്ടിയതാണെന്നാണ്.
അവിടെ വച്ച് നാട്ടുകാരിൽ ആരോ ഒരു കള്ളന്റെ കഥ പറഞ്ഞു. ആ കളളന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ട് ആണത്രേ മീശമാധവന്റെ കഥയുണ്ടായത്.
ഈ സംഭവം അറിഞ്ഞപ്പോ ഞാൻ നിലന്പൂരിലേക്ക് വിട്ടു. ചായക്കടയിലേക്ക്. കഥ ഒന്നുമാത്രം അല്ലല്ലോ, പിന്നെയും കഥകളുണ്ടാവുമല്ലോ. അപ്പോ എന്നെ ആളുകൾ തിരിച്ചറിയുമെന്നത് കൊണ്ട് ഞാൻ വേഷം മാറിയിട്ടൊക്കെ ആണ് പോയത്.
ഒരു വിധത്തിലും എന്നെ തിരിച്ചറിയാൻ പറ്റാത്ത രീതിയില്‍. ഞാൻ അവിടെ നിന്ന് കുറേ ചായ കുടിച്ചു. പക്ഷേ ആളുകളൊന്നും സംസാരിക്കുന്നില്ല. ഒരു മൂന്നാല് ദിവസം ഞാൻ ചായകുടിയോട് ചായകുടി.
പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അപരിചിതരെ കണ്ടാല്‍ ആ ചായക്കടയിൽ ആരും ഒന്നും മിണ്ടാറില്ലത്രെ. മിണ്ടിയാലത് അവർ പോയി സിനിമയാക്കി കളയും.
ഇപ്പോ മീശമാധവന്റെ കഥയ്ക്കെന്ന് പറഞ്ഞ് ആളുകൾ ഇവിടെ നിന്ന് കൊണ്ടുപോയിട്ട് എന്തെങ്കിലും ഒന്ന് തരണ്ടെ. അത് കൊടുത്തില്ല. അങ്ങനെ അവരിപ്പോ അപരിചിതരെ കണ്ടാൽ മിണ്ടാറേയില്ല. അങ്ങനെ നാല് ദിവസം വേസ്റ്റ് ആയി.
ഞാൻ വെറുതെ അവിടെ നിന്നും തിരിച്ചുപോന്നു. നോക്കട്ടെ ഇനി ഏതെങ്കിലും ചായക്കടയിൽ നിന്ന് എന്തെങ്കിലും കഥ കിട്ടിയാൽ ഞാൻ മീശമാധവൻ പോലെ വേറൊരു കഥയുണ്ടാക്കി വരാം- ശ്രീനിവാസൻ പറഞ്ഞു. -പി.ജി