ബംഗളൂരു: ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിൽ നിക്ഷേപമിറക്കി സോഷ്യൽ മീഡിയ വന്പൻ ഫേസ്ബുക്ക്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഷോ എന്ന സ്റ്റാർട്ടപ്പിലാണ് ടെക് വന്പന്റെ കണ്ണു പതിഞ്ഞത്. എന്നാൽ, മീഷോയുടെ എത്ര ഓഹരികൾ വാങ്ങിയെന്നോ മുതൽമുടക്ക് എത്രയെന്നോ വ്യക്തമാക്കാൻ ഫേസ്ബുക്ക് തയാറായില്ല.
ചെറുനഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വില്പനക്കാർക്കു തങ്ങളുടെ ഉത്പന്നങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ വിൽക്കാൻ സഹായിക്കുന്ന സംവിധാനമാണു മീഷോയ്ക്കുളളത്. ഫേസ്ബുക്കിനെയും വാട്സാപ്പിനെയുമാണ് മീഷോ കൂടുതലായി തങ്ങളുടെ പ്രവർത്തനത്തിന് ആശ്രയിക്കുന്നതും. ഇന്ത്യയിലെ ഏഴു പ്രാദേശിക ഭാഷകളിൽ പ്രവർത്തിക്കുന്ന ആപ്പും മീഷോയ്ക്കുണ്ട്. വീട്ടമ്മമാരാണ് മീഷോയുടെ ഗുണഭോക്താക്കളിൽ ഏറെയും. ഇവർക്കു പുറമേ വിദ്യാർഥികളും ഗ്രാമീണ സ്വയംതൊഴിൽ സംഘങ്ങളും ചെറുകിട കച്ചവടക്കാരുമൊക്കെ മീഷോയിൽ പ്രവർത്തിക്കുന്നു.
തെരഞ്ഞെടുത്ത പ്രാദേശിക ഭാഷയിലും പ്രവർത്തിക്കുന്നതിനാൽ ഇംഗ്ലീഷ് അറിയാത്തവർക്കും മീഷോയുടെ സേവനം ലഭ്യമാണ്. മീഷോയിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മൂന്നു മാസത്തിലേറെയായി നടത്തുകയായിരുന്നുവെന്നും വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതുകൊണ്ടുമാണ് മീഷോയിൽ നിക്ഷേപിക്കുന്നതെന്നും ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായി അജിത് മോഹൻ പറഞ്ഞു.
ഡൽഹി ഐഐടിയിലെ പൂർവവിദ്യാർഥികളായ വിദിത് ആത്രയ്, സഞ്ജീവ് ബൻവാൽ എന്നിവർ ചേർന്ന് 2015 ലാണ് മീഷോ ആരംഭിക്കുന്നത്. ഫേസ്ബുക്കിന്റെ നിക്ഷേപം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ചെറുകിട വ്യവസായികളെയും ഗ്രാമീണ യൂണിറ്റുകളെയും സഹായിക്കുന്ന തങ്ങളുടെ പ്രവർത്തനം ഫേസ്ബുക്കിന്റെ സഹായം ലഭിച്ചതോടെ കൂടുതൽ വിപുലമാക്കുമെന്നും വിദിത് ആത്രയ് പറഞ്ഞു. വിവിധ കന്പനികളിൽനിന്നായി നിലവിൽ 65 മില്യണ് യുഎസ് ഡോളറിന്റെ നിക്ഷേപമാണ് മീഷോയ്ക്കുള്ളത്.