ന്യൂഡല്‍ഹി: കാറ്റടങ്ങി വെയില്‍ച്ചൂടില്‍ തിളങ്ങിയ ഹരിയാനയിലെ കളിക്കളത്തില്‍ നിന്ന് കേരളം ഇന്നലെ കൊയ്തെടുത്തത് നാലു സ്വര്‍ണം ഉള്‍പ്പടെ എട്ടു മെഡലുകള്‍. മൂന്നാം ദിവസം സ്വര്‍ണ നേട്ടങ്ങള്‍ക്കു പുറമേ രണ്ടു വെള്ളിയും രണ്ടു വെങ്കലവും നേടി ഹരിയാനക്കു പിന്നില്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. കേരളത്തിനു ഇതുവരെ നാലു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവും ലഭിച്ചു.
മൂന്നാമത്തെ ദിവസം മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ നാലു സ്വര്‍ണവും നാലു വെള്ളിയും അഞ്ച് വെങ്കലവും നേടിയ ഹരിയാന 42 പോയിന്റോടെ ഒന്നാം സ്ഥാനത്തു നില്ക്കുന്നു. 38 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തും 20 പോയിന്റുമായി തമിഴ്നാട് മൂന്നാം സ്ഥാനത്തുമാണ്.
അപര്‍ണയുടെ സ്വര്‍ണത്തുടക്കം
100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയിയാണ് ഇന്നലെ മീറ്റ് റിക്കാര്‍ഡോടെ കേരളത്തിന് ആദ്യം സ്വര്‍ണം നേടിത്തന്നത്. 14.25 സെക്കൻഡില്‍ ഓടിയെത്തിയ അപര്‍ണ കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ തന്നെ ഡൈബി സെബാസ്റ്റ്യന്റെ 14.36 സെക്കന്റ് എന്ന റിക്കാര്‍ഡാണു മറികടന്നത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അപര്‍ണ റോയി. കൂടരഞ്ഞി ഓവേലി റോയിയുടെയും ടീനയുടെയും മകളാണ്. കഴിഞ്ഞ വര്‍ഷവും അപര്‍ണ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയിരുന്നു. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അപര്‍ണ. കെ. നായര്‍ അഞ്ചാമതായാണു ഫിനിഷ് ചെയ്തത്.
ചാട്ടത്തില്‍ സ്വര്‍ണവും വെള്ളിയും
ആണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ കേരളത്തിന്റെ ടി.പി. അമല്‍ സ്വര്‍ണവും എന്‍. അനസ് വെള്ളിയും നേടി. 7.11 മീറ്റര്‍ ചാടിയാണ് അമല്‍ സ്വര്‍ണം നേടിയത്. പറളി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അമല്‍. പാലക്കാട് കോട്ടായി തെക്കേക്കര പരമേശ്വരന്റെയും അജിതയുടെയും മകനാണ്.
വെള്ളി നേടിയ എന്‍. അനസ് 7.09 മീറ്ററാണു ചാടിയത്. അനസും പറളി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പാലാക്കാട് പിലാപ്പുള്ളി മണ്ണുവെട്ടിമട നാസറിന്റെയും റഹിയാനത്തിന്റെയും മകനാണ്.
പറളി സ്കൂള്‍ കോച്ച് പി.ജി. മനോജിന്റെ കീഴിലാണ് ഇരുവരും പരിശീലിക്കുന്നത്. മത്സരത്തില്‍ അമലിന്റെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്ന് മനോജ് പറഞ്ഞു. നാലു വര്‍ഷമായി ഇദ്ദേഹമാണ് ഇവരെ പരിശീലിപ്പിക്കുന്നത്.
വെള്ളിത്തിളക്കത്തില്‍ ആദര്‍ശ്
ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ ആദര്‍ശ് ഗോപി വെള്ളി നേടി. 1:56.26 സെക്കൻഡിലാണ് ആദര്‍ശ് ഫിനിഷ് ചെയ്തത്. കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. 1:56.12 സെക്കൻഡില്‍ ഫിനിഷ് ചെയ്ത തമിഴ്നാടിന്റെ എന്‍. ശ്രീകിരണ്‍ ആണ് സ്വര്‍ണം നേടിയത്. ഹരിയാനയ്ക്കാണു വെങ്കലം.
നൂറില്‍ നിബിന് വെങ്കലം
ആണ്‍കുട്ടികളുടെ നൂറുമീറ്ററില്‍ കേരളത്തിന്റെ നിബില്‍ ബൈജു വെങ്കലം നേടി. 11.07 സെക്കൻഡിലാണ് നിബിന് ഫിനിഷ് ചെയ്തത്. അങ്കമാലി തുറവൂര്‍ എംഎഎച്ച്എസ്എസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണു നിബിന്.
തുറൂവൂര് ചുള്ളിപ്പറമ്പില്‍ ബൈജുവിന്റെയും മിനിയുടെയും മകനാണ്. ആണ്‍കുട്ടികളുടെ നൂറു മീറ്ററില്‍ പഞ്ചാബിന്റെ ലവ്പ്രീത് സിംഗ് സ്വര്‍ണവും യുപിയുടെ സൗരഭ് സിംഗ് വെള്ളിയും നേടി.
പെണ്‍കരുത്തില്‍ റിലേ സ്വര്‍ണം
പെണ്‍കുട്ടികളുടെ 4×100 റിലേയില്‍ കേരളം സ്വര്‍ണം നേടി. കെ.എം നിഭ, ജി. രേഷ്മ, മൃദുല മരിയ ബാബു, അപര്‍ണ റോയി എന്നിവരാണു കേരളത്തിനു വേണ്ടി മത്സരിച്ചത്. 48.55 സെക്കൻഡിൽ കേരളം ഫിനിഷ് ചെയ്തു. മഹാരാഷ്ട്രയ്ക്ക് വെള്ളിയും കര്‍ണാടകയ്ക്കു വെങ്കലവും ലഭിച്ചു.
കൈവിട്ടു പോയ സ്വര്‍ണം
ആണ്‍കുട്ടികളുടെ 4×100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ പ്രതീക്ഷയോടെ ഇറങ്ങിയ കേരളത്തിന് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പിഴച്ചു. ആദ്യത്തെയാളിൽനിന്ന് ബാറ്റണ്‍ വാങ്ങാതെ രണ്ടാം ലാപ്പുകാരൻ മുന്നോട്ട് ഏറെദൂരം ഓടിയതോടെ കേരള താരങ്ങൾക്ക് ട്രാക്കില്‍നിന്നു പിന്‍വാങ്ങേണ്ടിവന്നു. ആണ്‍കുട്ടികളുടെ റിലേയില്‍ ഹരിയാന സ്വര്‍ണവും തമിഴ്നാട് വെള്ളിയും നേടി.
ഫിനിഷിംഗ് പോയിന്റ്
പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ മനീഷ കുമാരി ആറാമത് ഫിനിഷ് ചെയ്തു. ഹാമര്‍ ത്രോയില്‍ ജി. ശരണ്യയും സി. പവിത്രയും 13, 14 സ്ഥാനങ്ങളിലെത്തി. ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ മെല്ബിന് ബിജു നാലാമതു ഫിനിഷ് ചെയ്തു. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ കെ. നായര്‍ അഞ്ചാമതു ഫിനിഷ് ചെയ്തു.
പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അശ്വതി ബിനു അഞ്ചാമതു ഫിനിഷ് ചെയ്തു. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ അനന്ദു വിജയന് ആറാമതു ഫിനിഷ് ചെയ്തു. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ അപര്‍ണ റോയി ആറാമതു ഫിനിഷ് ചെയ്തു. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കേരളത്തിന്റെ നിബിന് ബൈജു വെങ്കലം നേടിയപ്പോള്‍ ആന്‍സ്റ്റിന്‍ ജോസഫ് ഷാജി ഏഴാമതാണു ഫിനിഷ് ചെയ്തത്.
ഇന്ന് ഒന്‍പതു ഫൈനല്‍
മത്സരത്തിന്റെ നാലാം ദിവസമായ ഇന്ന് ഒമ്പതു ഫൈനല്‍ മത്സരങ്ങള്‍ നടക്കും. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍, പെണ്‍കുട്ടികളുടെ ജാവലിന്‍, ആണ്‍കുട്ടികളുടെ ഹൈ ജംപ്, ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോ, ട്രിപ്പിള്‍ ജംപ്, ഹര്‍ഡില്‍സ്, പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, 400 മീറ്റര്‍ ഹര്‍ഡില്‍സ്, ട്രിപ്പിള്‍ ജംപ് എന്നിവയാണു മത്സരങ്ങള്‍.
കേരളത്തിന് വേണ്ടാത്ത വെങ്കലം
പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ സംഘാടകരുടെ പിഴവ് കൊണ്ട് കേരളത്തിന് ആദ്യം വെങ്കലം ലഭിച്ചുവെങ്കിലും ഇത് തനിക്കുള്ള മെഡല്‍ അല്ലെന്ന് കേരളത്തിനു വേണ്ടി മത്സരിച്ച സി.കെ. ശ്രീജ തന്നെ വ്യക്തമാക്കിയതോടെ വെങ്കലം മഹാരാഷ്ട്രയിലേക്കു പോയി. മത്സരത്തില്‍ പഞ്ചാബിന്റെ മനു റാണി സ്വര്‍ണവും ഹരിയാനയുടെ ജ്യോതി വെളളിയും നേടി ഫിനിഷ് ചെയ്തതോടെ ഇവരുടെ പിന്നില്‍ നടന്നെത്തിയ ശ്രീജയെ ഒഫീഷ്യല്‍ നിങ്ങള്‍ ഫിനിഷ് ചെയ്തെന്നു പറഞ്ഞു പിടിച്ചു നിര്‍ത്തുകയായിരുന്നു.
എന്നാല്‍, തനിക്ക് ഒരു റൗണ്ടു കൂടി നടന്നു പൂര്‍ത്തിയാക്കാനുണ്ടെന്ന് ശ്രീജ വ്യക്തമാക്കി. എന്നാല്‍, ഇതു കേള്‍ക്കാതെ ശ്രീജ ഫിനിഷ് ചെയ്തെന്നു പറഞ്ഞ് സംഘാടകര്‍ വെങ്കലം നിര്‍ബന്ധിച്ചു ചാര്‍ത്തിക്കൊടുത്തു. പിന്നീട് ശ്രീജയേക്കാള് മുന്‍പേ റൗണ്ട് പൂര്‍ത്തിയാക്കിയ മഹാരാഷ്ട്ര പരാതിയുമായെത്തി. ഇതോടെ മത്സരഫലം തിരുത്തി സംഘാടകര്‍ മഹാരാഷ്ട്രയുടെ സുവര്‍ണ കപ്സേക്കു വെങ്കലം പതിച്ചു നല്കി. ഒടുവില്‍ ശ്രീജ അഞ്ചാം സ്ഥാനത്തുമായി.
നിവ്യ ചോദിക്കുന്നു, സുവര്‍ണ നേട്ടത്തിനൊരു പിറ്റ് തരുമോ ?
റിക്കാര്‍ഡ് തിരുത്തി പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ സ്വര്‍ണം നേടിയ നിവ്യ മത്സരത്തിന്റെ കിതപ്പടങ്ങും മുമ്പേ മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് നാട്ടില്‍ തങ്ങള്‍ക്ക് പരിശീലിക്കാന്‍ എങ്ങനെയെങ്കിലും ഒരു പിറ്റ് ലഭിക്കുമോ എന്നായിരുന്നു ആദ്യം ചോദിച്ചത്. പാലാ ജെംസ് അക്കാഡമിയില്‍ കെ.പി. സതീഷ് കുമാറാണ് പോള്‍വോള്‍ട്ടില്‍ സ്വര്‍ണം നേടിയ നിവ്യയെയും വെങ്കലം നേടിയ ആര്‍ഷ ബാബുവിനെയും പരിശീലിപ്പിക്കുന്നത്. കുട്ടികളുടെ പരിശീലനത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരം നല്കിയ കോര്‍ട്ടും പിറ്റിലും കോര്‍ട്ട് മാത്രമാണ് ഇതുവരെ യാഥാര്‍ഥ്യമായിരിക്കുന്നത്. എന്നാല്‍, പിറ്റിനുള്ള അനുമതി ഇപ്പോഴും ചുവപ്പു നാടയില്‍ കുരുങ്ങിക്കിടക്കുന്നു.
പിറ്റ് മികച്ചതല്ലാത്തതിനാല്‍ വീണു തോളില്‍ പരിക്കു പറ്റിയ കാര്യവും നിവ്യ ചൂണ്ടിക്കാട്ടി. ഈ സ്വർണ നേട്ടത്തോടെയെങ്കിലും തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന പിറ്റ് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നിവ്യ.
3.60 മീറ്റര്‍ ചാടിയാണ് നിവ്യ കേരളത്തിന്റെ തന്നെ മരിയ ജെയ്സന്റെ പേരിലുള്ള 3.50 മീറ്ററിന്റെ റിക്കാര്‍ഡ് മറികടന്നത്. ലോക സ്കൂള്‍ മീറ്റില്‍ നിവ്യക്ക് വെങ്കലം ലഭിച്ചിരുന്നു. പാലക്കാട് കല്ലടി സ്കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ നിവ്യ കണ്ണൂര്‍ കൂത്തുപറമ്പ് ഇടക്കുടിയില്‍ ആന്റണിയുടെയും റെജിയുടേയും മകളാണ്.
3.20 മീറ്ററിലായിരുന്നു വെങ്കലം നേടിയ ആര്‍ഷയുടെ കുതിപ്പ്. കല്ലടി സ്കൂളിലെ തന്നെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആര്‍ഷ കണ്ണൂര്‍ ആലക്കോട് കൊടക്കനാല്‍ ബാബുവിന്റെയും ആന്‍സിയുടെയും മകളാണ്.
റോത്തക്കില്‍നിന്ന് സെബി മാത്യു