കോട്ടയം: മീൻവിൽപന കുറഞ്ഞതോടെ മാട്ടിറച്ചിക്ക് വിൽപന കൂടിയ സാഹചര്യത്തിൽ അറവുശാലകളിൽ ഇറച്ചിക്ക് അമിതവില ഈടാക്കുന്ന വ്യാപാരികൾക്കെതിരെ നടപടിയുണ്ടാകും.
ഒരു കിലോ മാട്ടിറച്ചിക്ക് 350-380 രൂപയാണ് നിലവിൽ വില. 320 രൂപ വിൽപന വിലയായി കഴിഞ്ഞയാഴ്ച ഭക്ഷ്യവകുപ്പ് നിശ്ചയിച്ചതിനുശേഷവും 50 രൂപയിലേറെ അധികവില വാങ്ങുന്നതായി പരക്കെ പരാതി ഉയർന്നു.
മൂരികളെയും കറവ വറ്റിയ പശുക്കളെയും നാട്ടിൻപുറങ്ങളിൽനിന്നു വാങ്ങിയാണു പലയിടങ്ങളിലും അറുത്ത് പോത്തിറച്ചിയെന്ന പേരിൽ വിൽക്കുന്നത്.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കി അമിതവില ഈടാക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു.
ഈസ്റ്റർ, വിഷു സീസണിൽ അറവുമാടുകൾക്ക് ക്ഷാമമുണ്ടായതിന്റെ പേരിൽ വ്യാപാരികൾ വില വർധിപ്പിച്ചിരുന്നു. 330 രൂപയിൽനിന്ന് 380 രൂപവരെ അന്നു വർധിപ്പിച്ചപ്പോൾ ഭക്ഷ്യവകുപ്പ് ഇറച്ചിക്കടകളിൽ വില പ്രദർശിപ്പിക്കാൻ നിർദേശിച്ചിരുന്നു.
ഉത്സവ സീസണ് കഴിഞ്ഞതിനുശേഷവും കൊള്ളവില തുടരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് അടിയന്തര നടപടിക്ക് നിർദേശം.