മനുഷ്യന്റെ ഏറ്റവും ഏടുത്ത സുഹൃത്ത് എന്നാണ് നായ്ക്കളെ പൊതുവെ വിളിയ്ക്കാറുള്ളത്. ഇത് വെറും പാഴ്വാക്കല്ല എന്ന് തെളിയിക്കുകയാണ് സകലകലാവല്ലഭനായ ഓസ്ട്രേലിയന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട സീക്രട്ട് എന്ന ഈ നായ. ഈ നായ നിങ്ങളെക്കാള്‍ എന്തുകൊണ്ടും മികച്ചവനാണ് എന്ന തലക്കെട്ടോടെ നായയുടെ ഉടമസ്ഥ മേരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. ഇടയ്ക്കിടെ തറ തുടച്ച് വൃത്തിയാക്കുക, വീട്ടുസാധനങ്ങള്‍ ഒക്കെ അടുക്കി ഒതുക്കി വയ്ക്കുക, ആവശ്യമില്ലാത്ത വസ്തുക്കള്‍ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുക, തുണി കഴുകുക അങ്ങനെ നീളുന്നു ദിവസേനയുള്ള ഇവന്റെ ജോലികള്‍.
ഒരു വയസുകാരനായ നായ അതിരാവിലെ മുതല്‍ ജോലി തുടങ്ങും. നോക്കിയും കണ്ടും എല്ലാം ഉത്തരവാദിത്വത്തോടെ ചെയ്യും. സ്വന്തം ജോലികള്‍ ചെയ്യുന്നത് കൂടാതെ വീട്ടുകാരെ അവരുടെ ജോലികളില്‍ സഹായിക്കുകയും ചെയ്യും. തീര്‍ന്നില്ല, സീക്രട്ട് ഒരു സകലകലാവല്ലഭനാണെന്ന് പറഞ്ഞിരുന്നല്ലോ. ഒഴിവുസമയങ്ങളില്‍ പിയാനോ വായന, ടേബിള്‍ ടെന്നീസ് ഇതൊക്കെയാണ് സീക്രട്ടിന്റെ വിനോദപരിപാടികള്‍. സീക്രട്ടിന്റെ കഴിവുകളില്‍ എടുത്തുപറയേണ്ട ഒന്നാണ് ചിത്രകലയിലുള്ള അവന്റെ പ്രാഗത്ഭ്യം. വരയ്ക്കാനുള്ള ബ്രഷ് പ്രത്യേകരീതിയില്‍ വായില്‍ കടിച്ചുപിടിച്ചാണ് സീക്രട്ടിന്റെ ചിത്രരചന.
ലക്ഷക്കണക്കിന് ആളുകളാണ് സീക്രട്ടിന്റെ പ്രകടനങ്ങള്‍ അടങ്ങിയ ഈ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്. വീഡിയോ പുറത്തുവന്നതിനുശേഷം സീക്രട്ടിനെ അഭിനന്ദനങ്ങള്‍ കൊണ്ടു പൊതിയുകയാണ് ആരാധകര്‍. വളരെ പെട്ടെന്ന് കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും സീക്രട്ടിന് പ്രത്യേക കഴിവാണുള്ളതെന്ന് ഉടമ സാക്ഷ്യപ്പെടുത്തുന്നു.