ട്രാന്‍സ്‌ഫോര്‍മറുകളിലെ വൈദ്യുതി ഉപഭോഗം കണക്കാക്കാന്‍ പെട്ടികള്‍ സ്ഥാപിച്ചെങ്കിലും മീറ്ററുകള്‍ സ്ഥാപിക്കാത്തതിനാല്‍ പദ്ധതി പാളി

ktm-meeterകടുത്തുരുത്തി: ട്രാന്‍സ്‌ഫോമറുകളിലെ വൈദ്യുതി ഉപഭോഗം കണക്കാക്കാനായി പെട്ടികള്‍ സ്ഥാപിച്ചെങ്കിലും മീറ്ററുകള്‍ സ്ഥാപിക്കാത്തതിനാല്‍ പദ്ധതി പാളി. ട്രാന്‍സ്‌ഫോമറുകളോട് ചേര്‍ന്ന് മീറ്ററുകള്‍ സ്ഥാപിക്കാന്‍ പെട്ടികള്‍ സ്ഥാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മീറ്ററുകള്‍ സ്ഥാപിക്കാനിയില്ല.  കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതിക്ക് കെഎസ്ഇബി തുടക്കമിട്ടത്.   ഇതിനായി ട്രാന്‍സ്‌ഫോമറിനോട് ചേര്‍ന്ന് പ്രത്യേക പെട്ടികള്‍ സ്ഥാപിച്ച് ഫ്യൂസ് കാരിയറുകളും ചില സ്ഥലങ്ങളില്‍ മീറ്ററുകളും സ്ഥാപിച്ചിരുന്നു.

മിക്ക ട്രാന്‍സ്‌ഫോമറുകളോടും ചേര്‍ന്ന് സ്ഥാപിച്ചിരുന്ന പെട്ടികള്‍ തുരുമ്പെടുത്തു ദ്രവിച്ചതോടെ ഫ്യൂസ് കാരിയറുകള്‍ പഴയതു പോലെ തൂണുകളിലേക്ക് മാറ്റി സ്ഥാപിച്ചു. സ്ഥാപിച്ച മീറ്ററുകളാകട്ടെ ഇളക്കി കെഎസ്ഇബി സെക്ഷന്‍ ഓഫിസുകളിലും എത്തിച്ചു. ഇപ്പോള്‍ ചുരുക്കം ട്രാന്‍സ്‌ഫോമറുകളില്‍ മാത്രമേ പെട്ടിയും മീറ്ററും കാണാനുള്ളു.  നൂറുകണക്കിന് ട്രാന്‍സ്‌ഫോമറുകള്‍ വിവിധ പഞ്ചായത്തുകളിലായി സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ നിന്നു നൂറുകണക്കിനു വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുമുണ്ട്. കൂടാതെ വഴിവിളക്കുകള്‍ക്കും വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഗാര്‍ഹിക, വ്യാവസായിക ഗുണഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം കണക്കാക്കാനും മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

എന്നാല്‍, വഴിവിളക്കുകള്‍ക്ക് മീറ്ററില്ല. കെഎസ്ഇബി നിര്‍ദേശിക്കുന്ന തുകയാണ് പഞ്ചായത്തുകള്‍ അടയ്ക്കുന്നത്. ഇതുമൂലം കത്താത്ത വഴിവിളക്കുകള്‍ക്കും വൈദ്യുതി നിരക്ക് അടയ്‌ക്കേണ്ടിവരുന്നുണ്ട്. ട്രാന്‍സ്‌ഫോമറുകളില്‍ സ്ഥാപിക്കുന്ന മീറ്ററുകളിലെ വൈദ്യുതി ഉപഭോഗം കണക്കാക്കിയാല്‍ ഈ പ്രശ്‌നത്തിനും ഒരളവുവരെ പരിഹാരം കാണാനാകുമെന്നായിരുന്നു വിലയിരുത്തല്‍. പ്രസരണ, വിതരണ നഷ്ടം എത്രത്തോളം കുറഞ്ഞിട്ടുണ്ടെന്ന് കണ്ടെത്താനും സംവിധാനം പ്രയോജനപ്പെടുത്താമായിരുന്നു. എന്നാല്‍, ലക്ഷങ്ങള്‍ പാഴാക്കിയതല്ലാതെ ഈ പദ്ധതി കൊണ്ട് നേട്ടമൊന്നുമുണ്ടായില്ല.

വഴിവിളക്കുകളുടെ വൈദ്യുതി ഉപഭോഗം കണക്കാക്കുന്നതിന് മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതിനുള്ള ചെലവ് അതതു പഞ്ചായത്തുകള്‍ വഹിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പല പഞ്ചായത്തുകളും ഇക്കാര്യത്തില്‍ മുന്നോട്ടുവന്നിട്ടില്ല. ഇതു സംബന്ധിച്ച നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്തംഗങ്ങള്‍ പറയുന്നത്. ഭാരിച്ച ചെലവ് ഇതിനു വഹിക്കേണ്ടിവരുമെന്ന് പഞ്ചായത്തംഗങ്ങളില്‍ ഒരു വിഭാഗം പറയുന്നു. വഴിവിളക്കുകള്‍ക്ക് മീറ്ററുകള്‍ സ്ഥാപിക്കുന്നതോടെ വൈദ്യുതി നിരക്ക് കുറയുമെന്ന് അഭിപ്രായപ്പെടുന്ന അംഗങ്ങളുമുണ്ട്.

കടുത്തുരുത്തി പഞ്ചായത്തിന്റെ മുന്‍ഭരണസമിതി ഇക്കാര്യത്തില്‍ നടപടിയെടു ക്കുകയും വഴിവിളക്കുകള്‍ക്ക് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഫണ്ട് വകയിരുത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പോസ്റ്റുകളില്‍ പെട്ടികള്‍ സ്ഥാപിച്ചതല്ലാതെ പെട്ടികള്‍ക്കുള്ളില്‍ മീറ്ററുകള്‍ വയ്ക്കുന്ന കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല. വെയിലും മഴയും കൊണ്ട് പോസ്റ്റുകളില്‍ സ്ഥാപിച്ച പെട്ടികള്‍ തുരുമ്പെടുത്തും പായല്‍ പിടിച്ചും നാശാവ സ്ഥയിലാണ്. പഞ്ചായത്ത് പഴയപോലെ തെളിയാത്ത വഴിവിളക്കുകള്‍ക്കും പണമടയ്ക്കുന്ന രീതി തുടരുകയുമാണ്.

Related posts