തിരുവനന്തപുരം: മീടൂ ആരോപണത്തിൽ നടൻ മുകേഷിനെതിരെ കേസെടുക്കാനാകില്ലെന്നു നിയമോപദേശം. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലാണു കൊല്ലം സിറ്റി പോലീസ് നിയമോപദേശം തേടിയത്. സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്നു നിയമോപദേശത്തിൽ പറയുന്നു.
19 വർഷം മുൻപ് ഒരു സ്വകാര്യ ചാനൽ പരിപാടിയുടെ ചിത്രീകരണം നടക്കുന്നതിനിടെ ചെന്നൈയിലെ തന്റെ ഹോട്ടൽമുറിയിലേക്ക് തുടരെ ഫോണ്‍ ചെയ്ത് മുകേഷ് ശല്യപ്പെടുത്തിയെന്നായിരുന്നു ബോളിവുഡ് സിനിമകളിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തൽ.
പരിപാടിയുടെ അവതാരകനായിരുന്ന മുകേഷിന്റെ ശല്യം സഹിക്കാനാവാതെ താൻ പിന്നീട് സുഹൃത്തിന്റെ മുറിയിലേക്കു മാറി. ഇതിനു പിന്നാലെ അടുത്ത എപ്പിസോഡിന്റെ ചിത്രീകരണ സമയത്ത് തന്റെ മുറി മുകേഷിന്റെ മുറിയുടെ തൊട്ടടുത്തേക്ക് മാറ്റാൻ ഹോട്ടൽ അധികൃതരോട് മുകേഷ് ആവശ്യപ്പെടുകയും അവർ അതു ചെയ്യുകയും ചെയ്തു.
അന്ന് തന്റെ ബോസായിരുന്ന തൃണമൂൽ കോണ്‍ഗ്രസ് നേതാവായ ഡെറക് ഒബ്രിയനോട് കാര്യങ്ങൾ വിശദമാക്കിയപ്പോൾ അദ്ദേഹം അടുത്ത ഫ്ളൈറ്റിൽ നാട്ടിലേക്കു മടങ്ങാൻ തന്നെ സഹായിച്ചുവെന്നും അതിന് അദ്ദേഹത്തോട് നന്ദി പറയുന്നതായും ടെസ് ജോസഫ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
അതേസമയം, തനിക്കെതിരേ ആരോപണം ഉന്നയിച്ച ടെസ് ജോസഫിനെ അറിയില്ലെന്ന് മുകേഷ് പ്രതികരിച്ചു. സംഭവത്തെ കുറിച്ച് ഓർമയില്ലെന്നും ആരോപണത്തെ ചിരിച്ച് തള്ളുന്നതായും അദ്ദേഹം പറഞ്ഞു.