ന്യൂഡൽഹി: പല്ലുവേദന വന്നാലോ ശരീരവേദന ഉണ്ടായാലോ ഡോക്ടറെ കാണാൻ ശ്രമിക്കാതെ മെഡിക്കല്‍ സ്റ്റോറില്‍ പോയി വേദനസംഹാരി ഗുളിക വാങ്ങി കഴിക്കുന്നവരാണ് അധികവും. ഈവിധം ഏറ്റവുമധികം പേര് ആശ്രയിക്കുന്നൊരു പെയിൻ കില്ലര്‍ ആണ് മെഫ്റ്റാൽ. എന്നാൽ, മെഫ്റ്റാൽ ഉപയോഗത്തിൽ മുന്നറിയിപ്പു നൽകിയിരിക്കുകയാണ് കേന്ദ്രം.
ഈ മരുന്നിന്റെ ഉപയോഗം ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പിലുണ്ട്. ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷനാണ് ഇതു സംബന്ധിച്ച അറിയിപ്പിറക്കിയത്.
മരുന്നിലെ മെഫെനാമിക് ആസിഡ് എന്ന ഘടകം അലർജിക്കും കാരണമാകും. സാധാരണഗതിയിൽ രണ്ടാഴ്ച മുതൽ എട്ടാഴ്ചയ്ക്കുള്ളിലാണ് പല തരത്തിൽ അലർജികൾ ഉണ്ടാകുന്നത്. സന്ധിവാതം, ആമവാതം, പല്ലുവേദന ഉൾപ്പടെയുള്ളവയ്ക്കാണ് മെഫ്റ്റാൽ വ്യാപകമായി ഉപയോഗിക്കുന്നത്.
മെഫ്റ്റാൽ ഉപയോഗിക്കുന്നവരിലെ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന് ആരോഗ്യ പ്രവര്‍ത്തകരോടും രോഗികളോടും അഭ്യർഥിച്ചിട്ടുണ്ട്. മെഫ്താലിൻ ഉപയോഗിച്ച് ഏതെങ്കിലും തരത്തിൽ പാർശ്വഫലങ്ങളുടെ ലക്ഷണം കണ്ടാൽ www.ipc.gov.in എന്ന വെബ്സൈറ്റ് വഴി അറിയിക്കാം.