തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ മെഗാ തിരുവാതിരയിലുള്ള പാട്ട് പിണറായി സ്തുതികളല്ലെന്ന് ഗാനം എഴുതിയ പൂവരണി കെ.വി.പി നന്പൂതിരി.
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാട്ടെഴുതാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്.
പാർട്ടിയെ കുറിച്ചു പാട്ടെഴുതാനാണ് സിപിഎം ആവശ്യപ്പെട്ടതെന്നും ഇപ്പോഴുയർന്നിരിക്കുന്ന വിവാദം അനാവശ്യമാണെന്നും കെ.വി.പി നന്പൂതിരി ഒരു ചാനലിനോടു പറഞ്ഞു.
സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തി മെഗാ തിരുവാതിര നടത്തിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.
കോവിഡ് കേസുകൾ കുത്തനെ വർധിച്ചതിനെ തുടർന്ന് ആൾക്കൂട്ടവും പൊതുപരിപാടികളും സർക്കാർ നിയന്ത്രിക്കുന്നതിനിടെയാണ് ഭരണകക്ഷിയിലെ മുതിർന്ന നേതാക്കൾ വരെ പങ്കെടുത്ത പരിപാടിയിൽ നിയന്ത്രണങ്ങളുടെ ലംഘനമുണ്ടായത്.