ആലപ്പുഴ: ആലപ്പുഴ ടൂറിസം വകുപ്പ് തയാറാക്കിയ മെഗാടൂറിസം സർക്യൂട്ട് പദ്ധതി നിശ്ചലമായിട്ട് വർഷങ്ങൾ കഴിഞ്ഞു. ആലപ്പുഴയിലെ എല്ലാ പ്രധാന വിനോദസഞ്ചര മേഖലകളേയും ഒന്നിച്ചു ചേർക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 52 കോടി 25 ലക്ഷം രൂപ ആയിരുന്നു പദ്ധതിയുടെ ആകെ തുക. 2013ൽ അനുമതി ലഭിച്ച പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 2014-ലാണ് ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ ഒന്പത് കോടിയും സംസ്ഥാന സർക്കാരിന്റെ 27 കോടിയും അടക്കം ആകെ 38 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. എന്നാൽ ഇതിൽ ഒന്നുപോലും ഇതുവരെ പ്രവർത്തനയോഗ്യമായിട്ടില്ല.
21 പദ്ധതികൾ അടങ്ങിയ രൂപരേഖയാണ് മെഗാ ടൂറിസം സർക്യൂട്ടിനായി തയാറാക്കിയിരുന്നത്. ഇതിൽ 19 പദ്ധതികളുടെ പ്രവർത്തനങ്ങൾ പൂർത്തിയായി കിടക്കുകയാണെന്നാണ് ടൂറിസം വകുപ്പു പറയുന്നത്്. കെഐഡിഎസിന്റെ കീഴിലായിരുന്നു ഈ നിർമാണ പ്രവർത്തനങ്ങൾ എല്ലാം തന്നെ നടന്നത്. അരൂക്കുറ്റി, തണ്ണീർമുക്കം, പള്ളാത്തുരുത്തി, നെടുമുടി, കഞ്ഞിപ്പാടം, തോട്ടപ്പള്ളി, കായംകുളം എന്നിവിടങ്ങളിൽ ഹൗസ്് ബോട്ട് ടെർമിനലുകളും വട്ടക്കായൽ, കരുമാടി എന്നിവിടങ്ങളിൽ നൈറ്റ് ഹാൾട്ട് ടെർമിനലുകൾ എന്നിവയും നിർമിക്കുകയെന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇതിൽ തന്നെ വട്ടക്കായൽ നൈറ്റ് ഹാൾട്ട് ടെർമിനലിന് വേണ്ടി മാത്രം 12 കോടി രൂപയാണ് ചെലവാക്കിയത്. മൈക്രോ ഡെസ്റ്റിനേഷനുകളായി തഴുപ്പ്, വയംകരച്ചിറ, പാണ്ടി, കുതിരവട്ടൻചിറ എന്നീ സ്ഥലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. അർത്തുങ്കൽ, തോട്ടപ്പള്ളി എന്നീ ബീച്ചുകളുടെ നവീകരണവും പദ്ധതിയുടെ ഭാഗമായിരുന്നു.എന്നാൽ പദ്ധതിക്ക് ഇപ്പോൾ എന്ത് സംഭവിച്ചു എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ ഒരു ഉദ്യോഗസ്ഥരും തയാറാകുന്നില്ല. പദ്ധതികൾ ഉടൻ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നുമാത്രമേ ഉദ്യോഗസ്ഥർക്ക് പറയാനുള്ളു.
രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കും എന്നുപറഞ്ഞ പദ്ധതി ആറു വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ ടൂറിസം വകുപ്പിനു കഴിഞ്ഞിട്ടില്ല. പഞ്ചായത്തുകളുടെയും സിആർഎസിന്റെയും അനുമതികൾ കൂടാതെയാണ് ടൂറിസം വകുപ്പ് ഈ പദ്ധതിയിൽ തന്നെ പല നിർമാണപ്രവർത്തങ്ങളും നടത്തിയത്. ആലപ്പുഴ വിനോദ സഞ്ചാരമേഖലയുടെ സ്വപ്നപദ്ധതിയായി ടൂറിസം വകുപ്പ് ഉയർതിക്കാട്ടിയ ഈ പദ്ധതിയിൽ ഇത്രയും വലിയ പിഴവുകളുണ്ടായത് ഉദ്യോഗസ്ഥരുടെ തികഞ്ഞ അലംഭാവം കൊണ്ട് മാത്രമാണെന്നാണ് ആക്ഷേപം.
കൂടാതെ കഐസ്ഇബിയിൽ നിന്നും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതും പദ്ധതിയെ പിന്നോക്കം വലിച്ചുവെന്നുവേണം പറയാൻ.കോടികൾ മുടക്കി വികസനത്തിനായി നിർമിച്ച കെട്ടിടങ്ങൾ പലതും ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളങ്ങളാണ്. കെട്ടിടങ്ങളിൽ പലതും രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ അടിച്ച് പൊളിക്കുകയും ബാക്കിയുള്ളവ കാടുപിടിച്ച് നശിക്കുകയും ചെയ്തു. വ്യക്തമായ രൂപരേഖയില്ലാതെ നടപ്പിലാക്കിയതാണ് പദ്ധതി പാളിപ്പോകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പോലും രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.