തൃക്കരിപ്പൂർ: കൈക്കോട്ടുകടവിൽ 320 കുരുന്നുകളാണ് ഇശലുകൾക്ക് ചുവട് വച്ച് ആസ്വാദകരുടെ മനം കവർന്നത്. ഇന്നലെ വൈകുന്നേരം കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിലെ കുരുന്നുകളാണ് ‘മെഗാ ഒപ്പന’ അവതരിപ്പിച്ചത്. കുട്ടികളുടെ ചച്ചാജിയുടെ ജന്മദിനത്തിൽ തങ്ങൾക്ക് ഏറ്റവും ഇഷ്ടമായ ഒപ്പന നാടിന് മുന്നിൽ അവതരിപ്പിച്ചാണ് കുട്ടികൾ ആഘോഷിച്ചത്. ആഘോഷങ്ങള്ക്ക് പൊലിമയേറ്റാൻ കലാസ്വാദകരുടെ മസസിൽ ഇടം പിടിച്ച പ്രമുഖ മാപ്പിളപ്പാട്ടു ഗായിക കണ്ണൂർ സീനത്ത് കൂടി പരിപാടിയുടെ മുഖ്യാതിഥിയായെത്തി.
സ്കൂൾ അങ്കണത്തിലെ വേദിയിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് ആസ്വാദകർക്ക് മുന്നിൽ ‘മലക്കുൽ മൗത്തസ്റായിൽ അണഞ്ഞിടും മുമ്പേ ….’ എന്ന ഗാനം സീനത്ത് ഒപ്പനക്ക് മുമ്പേ തുടങ്ങിയതോടെ ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിക്കുന്ന 320 കുരുന്നുകൾ ഒപ്പനയുടെ തനതു വേഷത്തിൽ ആടിപ്പാടി കൈകൊട്ടി കളിച്ചു. നൂറു കണക്കിന് തോഴിമാരുടെ നടുവിൽ മണവാട്ടിയാകാനുള്ള ഭാഗ്യം ലഭിച്ചത് നാലാം ക്ലാസുകാരി വി.എൻ. ഷാസിബക്കായിരുന്നു. മാപ്പിളപ്പാട്ടാസ്വാദകരുടെ മനസിൽ എക്കാലവും തങ്ങി നിൽക്കുന്ന അഞ്ചു ഗാനങ്ങൾ കോർത്തിണക്കിയാണ് അര മണിക്കൂർ ദൈർഘ്യമുള്ള പശ്ചാത്തല ഗാനമൊരുക്കിയത്.
കുട്ടികളുടെ പഠന സമയം നഷ്ടപ്പെടുത്താതെ ചരുങ്ങിയ ദിവസങ്ങൾ കൊണ്ട് കുട്ടികളെ പരിശീലിപ്പിച്ചതും ഒരുക്കിയതും ഇതേ സ്കൂളിലെ തന്നെ അധ്യപികമാരാണ്. പി. ശഫ്നബീഗം, എം.കെ. ബുഷ്റ, എം.എ. ഹസീന, കെ.പി. കൃഷ്ണപ്രിയ, കെ. റുക്സാന, പി.സി. മുർഷിദ, എം.വി. സന്ധ്യ, നദീദ അബ്ദുൾ മജീദ് എന്നീ അധ്യാപികമാർ നേതൃത്വം നൽകി.