കോഴിക്കോട്: വിവാഹ ദിവസം പുലർച്ചെ വധു ജീവനൊടുക്കിയ സംഭവത്തില്‍ തുടർ അന്വേഷണത്തിന് പോലീസ്.
വരനെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ മരണത്തില്‍ അസ്വാഭാവികത ഒന്നും തോന്നിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ചേവായൂര്‍ പോലീസ് അറിയിച്ചു.
തലേദിവസം വരെ പെൺകുട്ടിക്കു വീട്ടില്‍ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും അറിയിച്ചത്.
അതേസമയം, ആത്മഹത്യാ കുറിപ്പില്‍ “എന്റെ കാര്യങ്ങളെല്ലാം അവനറിയാം. ഒപ്പം ജീവിക്കാന്‍ കഴിയില്ല’ എന്നാണ് എഴുതിയിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് മറ്റ് കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നത്.
കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘ (30) ആണ് ഞായറാഴ്ച പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി നടത്താന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായിരുന്നു.
നേരത്തെ തന്നെ ഇരുവർക്കും പരിചയമുണ്ടായിരുന്നു. വീട്ടുകാരുടെ പൂര്‍ണസമ്മതത്തോടെയായിരുന്നു വിവാഹം.
വധൂഗൃഹത്തിലാണു വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപം ഉള്‍പ്പെടെ ഒരുക്കിയിരുന്നു.
രാവിലെ ബ്യൂട്ടീഷനെത്തിയപ്പോൾ കുളിച്ചുവരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു.
കുറേനേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നു കിടപ്പുമുറിയിലെ ജനല്‍ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം നടക്കുന്നത്.