പത്തനംതിട്ട : തിരുവനന്തപുരം എയര്പോര്ട്ട് ഐബി ഉദ്യോഗസ്ഥയായിരുന്ന അതിരുങ്കല് കാരയ്ക്കാക്കുഴി പൂഴിക്കാട്ട് വീട്ടില് മേഘയുടെ (25) മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില് പോലീസ് അന്വേഷണം വഴിത്തിരിവില്.മേഘയുടെ ആണ് സുഹൃത്തെന്നു പറയുന്ന മലപ്പുറം സ്വദേശി സുകാന്തിനെതിരേയാണ് അച്ഛന് മധുസൂദനന് കൂടുതല് വെളിപ്പെടുത്തലുകള് നടത്തിയത്. പോലീസിനും ഐബിക്കും മധുസൂദനന് പരാതി നല്കിയിട്ടുണ്ട്.
സുകാന്തിനെ സംബന്ധിച്ച കൂടുതല് വിവരങ്ങള് തേടി തിരുവനന്തപുരം പേട്ട പോലീസ് ഇന്ന് ഐബിക്കു കത്തു നല്കും. ഐബിയില് നെടുമ്പാശേരി എയര്പോര്ട്ട് ഉദ്യോഗസ്ഥനാണ് സുകാന്ത്. നിലവില് ഇയാള് അവധിയിലാണെന്ന് പറയുന്നു. മേഘയുടെ മരണവിവരം അറിഞ്ഞ് ആത്മഹത്യ പ്രവണത കാട്ടിയ സുകാന്തിനെ അവധിയെടുപ്പിച്ച് സഹപ്രവര്ത്തകര് വീട്ടിലെത്തിക്കുകയായിരുന്നു. പിന്നീട് ഇയാളുടെ തിരോധാനം ഏറെ ചര്ച്ച ചെയ്യപ്പെടുകയാണ്.
മേഘയും സുകാന്തുമായുള്ള വിവാഹം നടത്തിക്കൊടുക്കാന് തയാറായിരുന്നുവെന്നും എന്നാല്, മകളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നും മാതാപിതാക്കളായ മധുസൂദനനും നിഷ ചന്ദ്രനും പറഞ്ഞു. ജോധ്പുരിലെ പരിശീലന കാലയളവിലാണ് സുകാന്തുമായി മേഘയ്ക്കു സുഹൃദ് ബന്ധമുണ്ടാകുന്നത്.
മേഘയ്ക്ക് വാങ്ങിക്കൊടുത്ത കാര് ഒരുദിവസം എറണാകുളത്തെ ടോള് പ്ളാസ കടന്നപ്പോള് മധുസൂദനന്റെ ഫോണില് ലഭിച്ച ഫാസ് ടാഗ് മെസേജില് നിന്നാണ് സുകാന്തുമായുള്ള ത് ആഴത്തിലുള്ള ബന്ധമാണെന്ന സംശയമുണ്ടായത്. തിരുവനന്തപുരത്തെ താമസസ്ഥലത്തുനിന്ന് എയര്പോര്ട്ടിലേക്ക് പോകാനായി വാങ്ങിക്കൊടുത്ത കാര് എങ്ങനെ എറണാകുളത്തെ ടോള് പ്ളാസ കടന്നുവെന്ന് ചോദിച്ചപ്പോഴാണ് മേഘ ബന്ധം വെളിപ്പെടുത്തിയത്.
നേരത്തെ എല്ലാ കാര്യങ്ങളും തങ്ങളോടു പറഞ്ഞിരുന്ന മകള് സുകാന്തുമായുള്ള ബന്ധം മറച്ചുവച്ചു.എന്നാല്, മകള്ക്കും സുകാന്തിനും ഒരേ ജോലി ആയിരുന്നതിനാല് ബന്ധത്തെ എതിര്ത്തില്ല. വിവാഹം ആലോചിക്കാന് സുകാന്തിനെ വീട്ടിലേക്ക് ക്ഷണിക്കണമെന്ന് മകളോട് പറഞ്ഞിരുന്നു. മകള് ക്ഷണിച്ചപ്പോള് അയാള് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ ബന്ധം ഉപേക്ഷിക്കാന് തങ്ങള് മകളോടു നിര്ദേശിച്ചിരുന്നതാണെന്ന് മാതാപിതാക്കള് പറഞ്ഞു.
സുകാന്തിന്റെ മാതാപിതാക്കളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല. മരണത്തിനു ശേഷമാണ് മകള്ക്ക് ലഭിച്ചിരുന്ന ശമ്പളം അയാള് തട്ടിയെടുത്തതായി അറിഞ്ഞത്. തുടക്കത്തില് അരലക്ഷം രൂപയായിരുന്നു ശമ്പളം. ഒരു വര്ഷത്തിനുള്ളില് ഒന്നര ലക്ഷമായി വര്ധിക്കുമെന്നാണ് അറിയാന് കഴിഞ്ഞത്. മകളില് നിന്ന് ആദ്യം ആയിരം, രണ്ടായിരം, അയ്യായിരം എന്നിങ്ങനെയാണ് വാങ്ങിയിരുന്നത്. കഴിഞ്ഞ ഒക്ടോബര് മുതല് മകളുടെ അക്കൗണ്ടില് വന്ന ശമ്പളം മുഴുവന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്സ്ഫര് ചെയ്തിരുന്നു.
മൂന്നര ലക്ഷത്തോളം രൂപ അയാള് കൈക്കലാക്കി. പിന്നീട് അഞ്ഞൂറ്, ആയിരം, രണ്ടായിരം എന്നീ തുകകള് മകളുടെ അക്കൗണ്ടിലേക്ക് സുകാന്ത് മടക്കി അയച്ചിരുന്നു. ഇത് അത്യാവശ്യങ്ങള്ക്കുള്ള തുക മാത്രമായിരിക്കണം. മകളുടെ മരണശേഷം അക്കൗണ്ടില് ബാക്കിയുള്ളത് 80 രൂപയാണ്.
ഭക്ഷണം കഴിക്കാന് പോലും പണമില്ലെന്ന് മേഘ കൂട്ടുകാരോട് പറയുമായിരുന്നു. പലരും വീടുകളില് നിന്ന് ഭക്ഷണപ്പൊതി കൊണ്ടുവന്നു കൊടുത്തിട്ടുണ്ട്. മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നുമാത്രമാണ് ഇപ്പോഴറിയുന്നത്. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ലഭിച്ച ശേഷമേ മറ്റു കാര്യങ്ങളെപ്പറ്റി അറിയാന് കഴിയൂ. മാതാപിതാക്കളുമായി വീടുവിട്ട സുകാന്ത് പുറത്തെവിടെയും പോകാന് സാധ്യതയില്ല.
പോലീസിന്റെയും ഐബിയുടെയും അന്വേഷണത്തില് ഇനിയും പ്രതീക്ഷയുണ്ടെന്ന് മധുസൂദനന് പറഞ്ഞു. മകള് ഫോണില് അവസാനം ആരോടാണു സംസാരിച്ചതെന്നു കണ്ടെത്തണം. ഇതു കേസില് നിര്ണായകമാകുമെന്നും മാതാപിതാക്കള് പറയുന്നു. മകള്ക്കു നീതി ലഭിക്കുന്നതുവരെ ഏതറ്റംവരെയും പോകാനുള്ള തയാറെടുപ്പിലാണ് ഇവര്.