കൊച്ചി: പതിനൊന്നു പുരുഷന്മാരെ വിവാഹതട്ടിപ്പിന് ഇരയാക്കി പണവും ആഭരണങ്ങളുമായി മുങ്ങിയ യുവതിയെ ഇന്ന് കൊച്ചിയിലെത്തിക്കും. ഞായറാഴ്ചയാണ് ഇന്‍ഡോര്‍ സ്വദേശിയായ മേഘ ഭാര്‍ഗവിനെ (28)യും രണ്ടു കൂട്ടാളികളെയും കേരള പോലീസിന്റെ പ്രത്യേക സംഘം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേരളമുള്‍പ്പടെ പല സംസ്ഥാനങ്ങളില്‍ നിന്ന് ഇവര്‍ വിവാഹത്തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് സ്ഥിരീകരിച്ചു.
കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ ഉത്തരേന്ത്യന്‍ സ്വദേശി ജിതേന്ദറിന്റെ മകന്‍ ലെനിന്‍ ജിതേന്ദ്ര നല്‍കിയ പരാതിയിലാണ് മേഘയെയും കൂട്ടാളികളായ ദേവേന്ദ്ര ശര്‍മ, മേഘയുടെ സഹോദരി പ്രാചി എന്നിവരെ അറസ്റ്റു ചെയ്തത്. തട്ടിപ്പു സംഘത്തില്‍ പ്രധാന കണ്ണിയായ മഹേന്ദ്രയ്ക്കായി തെരച്ചില്‍ ശക്തമാക്കി.
ആറുമാസം മുമ്പാണ് മേഘയ്‌ക്കെതിരെ കടവന്ത്ര പോലീസ് കേസെടുത്തത്. തുടര്‍ന്ന് അന്വേഷണ സംഘം നോയിഡയില്‍ എത്തിയിരുന്നു. കേസെടുത്തതറിഞ്ഞ് പൂനെ, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ തട്ടിപ്പുസംഘം ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം നേടി. അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണമെന്ന കോടതി ഉത്തരവ് വകവയ്ക്കാതെ ഇവര്‍ വീണ്ടും സ്ഥലം വിട്ടു. ഇവര്‍ക്കായി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ ഹാജരായ അഭിഭാഷകനു ഫീസ് പോലും നല്‍കാതെയാണ് ഇവര്‍ മുങ്ങിയത്. തുടര്‍ന്ന് ഇവര്‍ക്കായി നടത്തിയ അന്വേഷണത്തിലാണ് നോയിഡയില്‍ സംഘത്തെ പിടികൂടിയത്.
കേരള പോലീസ് ഇന്നു വൈകുന്നേരത്തോടെ ഇവരെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും. കേരളത്തിനു പുറമെ മുംബൈ, പൂന, ജയ്പുര്‍, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളിലും യുവതി സമാന തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
ലെനിനെ പരിചയപ്പെട്ട മേഘ ഇടനിലക്കാരന്‍ വഴി വിവാഹാലോചന നടത്തുകയായിരുന്നു. സംസാര വൈകല്യമുള്ളയാളെ വിവാഹം കഴിക്കുന്നതിനു പകരമായി 15 ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണവും ആവശ്യപ്പെട്ടു. ഇന്‍ഡോറിലെ വീട്ടില്‍ പോയി സംസാരിച്ച ശേഷമാണ് വിവാഹം പാലാരിവട്ടത്തെ ക്ഷേത്രത്തില്‍ വച്ച് നടത്തിയത്. 17 ദിവസം ഒരുമിച്ചു താമസിച്ചശേഷം മേഘയെ സഹോദരി പ്രാചി കൊച്ചിയിലെത്തി കൂട്ടിക്കൊണ്ടുപോയി. തിരികെ കൊണ്ടുവരാന്‍ ലെനിന്‍ ഇന്‍ഡോറിലെത്തിയെങ്കിലും മേഘ വരാന്‍ കൂട്ടാക്കിയില്ലെന്നും അവിടെ നിന്ന് താമസം മാറുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇവര്‍ വിവാഹം ചെയ്ത് തട്ടിപ്പു നടത്തിയ മറ്റു മൂന്നുപേരും പരാതി നല്‍കിയിട്ടില്ല. ചില സംഭവങ്ങള്‍ പണം തിരികെ നല്‍കിയും മറ്റും ഒത്തുതീര്‍പ്പാക്കിയതായും പോലീസ് പറഞ്ഞു. വിവാഹമോചിതരായ പുരുഷന്മാരെയും ഭിന്നശേഷിയുള്ളവരെയുമാണ് സത്രീ ലക്ഷ്യമിടുന്നത്. എസ്‌ഐ ടി.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മേഘയെ അറസ്റ്റ് ചെയ്തത്.