കൊച്ചി: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിരവധിപ്പേരെ വിവാഹം ചെയ്തു പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ സംഘത്തെ കൊച്ചിയിലെത്തിച്ചു. ഇവരെ കടവന്ത്ര പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിനുശേഷം ഇന്നു വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഘത്തെ കൊച്ചിയിലെത്തിച്ചത്. വിവാഹതട്ടിപ്പ് കേസിലെ പ്രതികളായ മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശി മേഘ ഭാര്‍ഗവ് (28), സഹോദരി പ്രാചി ഭാര്‍ഗവ്, മേഘയ്‌ക്കൊപ്പമുണ്ടായിരുന്ന ദേവേന്ദ്ര ശര്‍മ എന്നിവരെയാണു കൊച്ചിയിലെത്തിച്ചത്.
വിവാഹത്തട്ടിപ്പിനിരയായ ഗുജറാത്ത് സ്വദേശിയും കൊച്ചിയില്‍ സ്ഥിരതാമസക്കാരനുമായ ലെനിന്‍ ജിതേന്ദ്രര്‍ ആറുമാസം മുന്‍പു കടവന്ത്ര പോലീസില്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. മേഘയാണു കേസിലെ മുഖ്യപ്രതി. കടവന്ത്ര എസ്‌ഐ ടി. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു നോയിഡയില്‍നിന്നു പ്രതികള്‍ പിടിയിലായത്.
അംഗവൈകല്യമോ മറ്റു ശാരീരിക വിഷമതകളോ അനുഭവിക്കുന്ന സമ്പന്നന്മാരായ യുവാക്കളെ വിവാഹം ചെയ്താണു സംഘം തട്ടിപ്പ് നടത്തിയിരുന്നത്. കേരളത്തില്‍ ലെനിന്‍ ഉള്‍പ്പെടെ നാലുപേരെ മേഘ വിവാഹം ചെയ്തു തട്ടിപ്പ് നടത്തിയെന്നാണു വിവരം. കൊച്ചി സ്വദേശിയായ ലെനിനെ പരിചയപ്പെട്ട മേഘ ഇടനിലക്കാരന്‍ വഴിയാണു വിവാഹാലോചന നടത്തിയത്.
സംസാര വൈകല്യമുള്ള ലെനിനെ വിവാഹം ചെയ്യുന്നതിനു 15 ലക്ഷ രൂപയും 25 പവനും വിവാഹവസ്ത്രവും മേഘയ്ക്കു നല്‍കിയിരുന്നു. ഒരു മാസത്തോളം ലെനിനൊപ്പം കഴിഞ്ഞ മേഘയെ സഹോദരി പ്രാചിയെത്തി നാട്ടിലേക്കു കൊണ്ടുപോയി. മേഘ തിരികെ വരാത്തതിനെ തുടര്‍ന്നു ലെനിന്‍ തിരിച്ച് ഇന്‍ഡോറിലെത്തിയെങ്കിലും കൂടെ വരാന്‍ മേഘ തയാറായില്ല. പിന്നീട് അവിടെനിന്നു താമസം മാറുകയും ചെയ്തു. തുടര്‍ന്നാണു ലെനിന്‍ പോലീസില്‍ പരാതി നല്‍കിയത്. ഉത്തരേന്ത്യയിലും സമാനരീതിയില്‍ വിവാഹതട്ടിപ്പ് നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. തട്ടിപ്പ് സംഘത്തിലെ മറ്റു പ്രതികള്‍ക്കായി നോയിഡ പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുകയാണ്.