ഗാന്ധിനഗർ: പിതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥിനി ലോറി ഇടിച്ചു മരിച്ചു. കോട്ടയം ആർപ്പുക്കര വില്ലൂന്നി വെള്ളാനിക്കൽ വർഗീസിന്റെ മകൾ മേഘാ വർഗീസ് ആണ് (14) മരിച്ചത്. പിതാവ് വർഗീസിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പീന്നിട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10.30നു കോട്ടയം താഴത്തങ്ങാടിയിലാണു അപകടമുണ്ടായത്. വർഗീസ് ഓടിച്ചിരുന്ന സ്കൂട്ടർ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇരുവരേയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മേഘയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇരുവരും ചേർത്തല അർത്തുങ്കൽ പള്ളിയിൽ പോയി മടങ്ങി വരുന്പോഴാണ് അപകടമുണ്ടായത്. വില്ലൂന്നി സെന്റ് ഫിലോമിനാസ് ഗേൾസ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനിയാണ് മേഘ. മാതാവ്: ജിൻസി വർഗീസ് പാറന്പുഴ കറുകമാലി കുടുംബാഗം. സഹോദരങ്ങൾ: സ്നേഹ, അനഘ സംസ്കാരം നാളെ 3.30നു വില്ലുന്നി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ലോറി ഡ്രൈവർ പാക്കിൽ സ്വദേശി പ്രസാദിനെതിരെ കോട്ടയം ട്രാഫിക് പോലീസ് കേസെടുത്തു. മേഘയുടെ മൃതദേഹം ഇന്നു 3.30മുതൽ 4.30വരെ വില്ലുന്നി സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.