പ്രദീപ് ഗോപി
മേഘ്ന രാജ് മലയാളിയല്ല, എന്നാൽ മലയാളികൾക്കെല്ലാം ഏറെ പ്രിയങ്കരിയാണ് ഈ നടി. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിൽ അരങ്ങേറ്റം. ഒരേസമയം മലയാളത്തിലും കന്നഡയിലും തെലുങ്കിലും തമിഴിലും ശ്രദ്ധ ചെലുത്തുന്ന താരമാണ് മേഘ്ന. എന്നാൽ കുറച്ചുനാളായി മേഘ്നയെ മലയാളത്തിൽ കണ്ടിട്ട്. മലയാളത്തിൽ ചെയ്തതെല്ലാം പുതുമയുള്ള വേഷങ്ങളായിരുന്നുവെന്നാണ് മേഘ്ന പറയുന്നത്. അതേസമയം പ്രണയസാഫല്യത്തിലാണ് മേഘ്ന. പത്തുവർഷത്തെ പ്രണയത്തിനൊടുവിലാണ് മേഘ്ന-ചിരഞ്ജീവി വിവാഹം. നിശ്ചയം 22 നടക്കും.
കഴിഞ്ഞ ഒരു വർഷം മേഘ്ന മലയാളത്തിൽ അത്രയ്ക്ക് സജീവമല്ലായിരുന്നെങ്കിലും കന്നഡയിൽ തിരക്കിലായിരുന്നു താരം. നാല് സിനിമകളാണ് കന്നഡയിൽ ചെയ്തത്. നല്ല സിനിമകൾക്ക് പേര് കേട്ടതാണ് മലയാളം ഇൻഡസ്ട്രി എന്ന് മേഘ്നയ്ക്കും അറിയാം. ഓരോ സമയത്തും പുതുമയുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നത് മലയാളത്തിലാണെന്നും മേഘ്ന പറയുന്നു. പ്രേക്ഷകർ എല്ലാക്കാലത്തും ഓർത്തുവയ്ക്കുന്ന ഒരു കാഥാപാത്രത്തിനായി മേഘ്ന കാത്തിരിക്കുകയായിരുന്നു. സജിൻലാൽ സംവിധാനം ചെയ്യുന്ന സീബ്രാവരകൾ എന്ന ചിത്രത്തിലൂടെ മേഘ്ന വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. തനിക്ക് ഏറെ പ്രതീക്ഷയുള്ള, മനോഹരമായ ചിത്രമെന്നാണ് സീബ്രാവരകളെപ്പറ്റി മേഘ്ന പറയുന്നത്. പുതിയ ചിത്രത്തെക്കുറിച്ചും തന്റെ വിശേഷങ്ങളെക്കുറിച്ചും മേഘ്ന സീബ്രാവരകളുടെ തിരുവനന്തപുരം നെടുമങ്ങാട് ഹീരാ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ ലൊക്കേഷനിൽ വച്ച് സണ്ഡേ ദീപികയുമായി പങ്കുവയ്ക്കുന്നു…
*ഇടവേള
ശരിക്കും പറഞ്ഞാൽ സിനിമയിൽ ഒരു ഇടവേള ഉണ്ടായിട്ടില്ല. ഹല്ലേലൂയ എന്ന സിനിമയാണ് മലയാളത്തിൽ എന്റേതായി ഒടുവിൽ പുറത്തുവന്ന ചിത്രം. നരേൻ ആയിരുന്നു നായകൻ. അതിനു ശേഷം ഞാൻ കുറച്ച് സെലക്ടീവായി. ഒരേ രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിനോടു താത്പര്യമില്ലായിരുന്നു. സാരിയുടുത്ത്… തുടർച്ചയായി അമ്മവേഷങ്ങൾ ചെയ്യുന്നതിനോടു മടുപ്പു തോന്നി. അതുകൊണ്ടാണ് മലയാള സിനിമകൾ സ്വീകരിക്കാതിരുന്നത്.
* സീബ്രാവരകൾ
അങ്ങനെയിരിക്കെയാണ് സീബ്രാവരകൾ എന്ന സിനിമ മലയാളത്തിൽ നിന്നു ലഭിക്കുന്നത്. 2016 മേയിലാണ് ഈ ഓഫർ ലഭിക്കുന്നത്. ആ സമയം കുറേ കന്നഡ സിനിമകളുടെ തിരക്കിലായിരുന്നതിനാൽ ഡേറ്റിന്റെ പ്രശ്നം വന്നു. എന്നാൽ ഈ സിനിമയുടെ സംവിധായകൻ സജിൻലാൽ ചേട്ടന് സീബ്രാവരകളിലെ നായികാ കഥാപാത്രത്തെ ഞാൻ തന്നെ ചെയ്യണമെന്നു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എന്റെ ഡേറ്റിനായി അവർ ഏഴു മാസത്തോളം കാത്തിരുന്നു. നവംബറിൽ തുടങ്ങാമെന്നു വാക്കു കൊടുത്തു. എന്നാൽ അന്നും ഷൂട്ടിംഗ് തുടങ്ങാനായില്ല. ഒരു കന്നട സിനിമയുടെ ചിത്രീകരണത്തിനിടെ വീണു കാലിന്റെ എല്ലിന് പൊട്ടലുണ്ടായി. വേറെ ആരെയെങ്കിലും വച്ച് ഷൂട്ട് തുടങ്ങാൻ ഞാൻ അഭ്യർഥിച്ചെങ്കിലും ഞാൻ തന്നെ മതിയെന്ന് അവർ തീരുമാനിക്കുകയും എനിക്കു വേണ്ടി കാത്തിരിക്കുകയും ചെയ്തു. അങ്ങനെ ഡിസംബറിൽ ചിത്രീകരണം ആരംഭിച്ചു.
* അപകടം
ഒരു കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ കാലിടറി വീഴുകയും കാലിന്റെ അസ്ഥിക്കു പൊട്ടലുണ്ടാവുകയും ചെയ്തു. ഒന്നര മാസത്തോളം വിശ്രമം ആവശ്യമായി വന്നു.
* മേഘ്ന തന്നെ വേണം
സീബ്രാവരകൾ എന്ന സിനിമയിൽ നായികയായി എന്നെ തന്നെ വേണമെന്നു തീരുമാനിക്കാൻ കാരണം എന്താണെന്ന് ഈ സിനിമയുടെ അണിയറക്കാരോടു ഞാൻ ചോദിച്ചിരുന്നു. ഒരു നോവലാണ് സീബ്രാവരകൾ എന്ന സിനിമയാക്കുന്നത്. നോവൽ വായിക്കുന്പോൾ തന്നെ ഈ കഥാപാത്രം ചെയ്യാൻ മേഘ്ന തന്നെ വേണമെന്ന് അവർ തീരുമാനിക്കുകയായിരുന്നു. പത്രപ്രവർത്തകയുടെ വേഷമാണ് ഈ ചിത്രത്തിൽ. നേരത്തെ 100 ഡിഗ്രി സെൽഷ്യസ് എന്ന മലയാളചിത്രത്തിലും ഒരു പത്രപ്രവർത്തകയുടെ വേഷം ചെയ്തിരുന്നു. ആ ചിത്രത്തിലെ അഭിനയം കണ്ടിട്ടാവാം എന്നെ ഈ ചിത്രത്തിലേക്കു വിളിച്ചത്.
* പത്രപ്രവർത്തകയുടെ വേഷം
ഹന്ന എന്ന കഥാപാത്രത്തെയാണ് സീബ്രാവരകളിൽ അവതരിപ്പിക്കുന്നത്. മാനസികമായി തകർന്ന അവസ്ഥയിൽ ജീവിക്കുന്ന കഥാപാത്രം. അച്ഛനെ ഏറെ സ്നേഹിക്കുന്നവളാണ് ഹന്ന. എന്നാൽ അച്ഛനിൽ നിന്നു പ്രതീക്ഷിക്കുന്ന സ്നേഹമോ കരുതലോ ആ മകൾക്കു ലഭിക്കുന്നില്ല. നല്ലൊരു പൊതുപ്രവർത്തകനാണെങ്കിലും നല്ലൊരു അച്ഛനാകാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അഴിമതിയോ സ്വജനപക്ഷപാതമോ ഇല്ലാതെ ജനങ്ങൾക്കു വേണ്ടി മാത്രം ജീവിക്കുന്പോൾ വീടിനു വേണ്ടിയോ മകൾക്കു വേണ്ടിയോ ജീവിക്കാൻ അദ്ദേഹം മറന്നുപോകുന്നു. ഇതുമൂലം ഒരു മകൾക്കുണ്ടായ നഷ്ടങ്ങളും വേദനകളും തന്റെ പത്രപ്രവർത്തനത്തിലൂടെ അച്ഛനെ ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് ഹന്ന. അതേസമയം അച്ഛൻ എന്തുകൊണ്ടാണ് ഇങ്ങനെ തിരക്കുള്ള പൊതുപ്രവർത്തകനായി എന്നു ഹന്നയും തന്റെ കരിയറിലൂടെ തിരിച്ചറിയുന്നു.
* സഹതാരങ്ങൾ
ഷീലു ഏബ്രഹാം, വൈഗ എന്നീ നായികാനടിമാർക്കൊപ്പമാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. സാധാരണ ഒന്നിലധികം നായികമാർ ഒരു സിനിമയിൽ വരുന്പോൾ വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഹെയർ സ്റ്റൈലിന്റെ കാര്യത്തിലുമെല്ലാം ഒരു ഈഗോ ഉണ്ടാകാം. എന്നാൽ ഈ സിനിമയുടെ ലൊക്കേഷനിൽ അത്തരത്തിലുള്ള ഒരു പ്രശ്നവും ഉണ്ടായില്ല. ഈ കൂട്ടായ്മയിൽ ഇനിയും സിനിമകൾ ഉണ്ടാകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ.
* മലയാളസിനിമ
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അതിൽ മലയാളസിനിമയാണ് എനിക്കേറെ പ്രിയപ്പെട്ടത്. കർണാടകയിലെ ബംഗളൂരു സ്വദേശിയായ ഞാൻ മാതൃഭാഷയിൽ 15 സിനിമകളിൽ അഭിനയിച്ചു. എന്നാൽ മലയാളസിനിമാ ഇൻഡസ്ട്രിയോട് എനിക്കു പ്രത്യേക അടുപ്പമാണുള്ളത്. ഒട്ടേറെ മലയാളസിനിമകളിൽ അഭിനയിച്ചു. വ്യത്യസ്തതയുള്ള വിവിധ സിനിമകളിൽ നിരവധി സംവിധായകർക്കൊപ്പവും താരങ്ങൾക്കൊപ്പവും ഇവിടെ പ്രവർത്തിക്കാനായി. മലയാളസിനിമയിൽ അഭിനയിക്കുന്നതിൽ വളരെ കംഫർട്ടബിളാണ് ഞാൻ. എല്ലാറ്റിലും ഉപരി മലയാളസിനിമയിൽ അഭിനയിക്കുന്നതു വളരെ സന്തോഷം തരുന്ന കാര്യമാണ്. മലയാളത്തിൽ ഇതുവരെ ഡബ്ബ് ചെയ്തിട്ടില്ല. വലിയ ആഗ്രഹമുണ്ട്. മലയാളം നന്നായി അറിയാമെങ്കിലും എന്റെ മലയാളം ഉച്ഛാരണം മോശമാണ്.
* പ്രണയഗോസിപ്പ്
പ്രണയമുണ്ടായിരുന്നു എന്നു ഗോസിപ്പുകാർ പറഞ്ഞു നടന്ന അനൂപ് മേനോന്റെ വിവാഹം കഴിഞ്ഞില്ലേ… (ചിരിക്കുന്നു) അനൂപ് എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. തുടർച്ചയായി ഞാനും അനൂപും നാലു സിനിമകൾ ചെയ്തു. അങ്ങനെ വന്നപ്പോൾ… സഹതാരങ്ങൾ പോലും ഓ… അവർ രണ്ടു പോരും തമ്മിൽ എന്തോ സംതിംഗ് ഗോയിംഗ്… എന്നു പറയുകയായിരുന്നു. എന്നാൽ ഞങ്ങൾക്കിടയിൽ മറ്റൊന്നുമില്ലായിരുന്നു. ഞങ്ങൾ രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രി നല്ലതായിരുന്നു. അതുകൊണ്ടാണ് സംവിധായകർ എന്നെയും അനൂപിനെയും നായികാനായകന്മാരാക്കി സിനിമകളെടുത്തത്. അനൂപിനൊപ്പം ഇനിയും സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്.
* വിവാഹം
ഈ മാസം 22ന് വിവാഹനിശ്ചയമാണ്. വിവാഹത്തീയതി നിശ്ചയിച്ചിട്ടില്ല. കന്നഡ നടൻ ചിരഞ്ജീവിയാണ് വരൻ. തമിഴ് നടൻ അർജുന്റെ അനന്തിരവനാണു ചിരഞ്ജീവി. നീണ്ട പത്തു വർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു. നാലു ഭാഷകളിലെ സിനിമകളിൽ ഞാനിപ്പോൾ അഭിനയിക്കുന്നുണ്ട്. നിർമാണരംഗത്തേക്കും ഉടൻ പ്രവേശിക്കാൻ ഉദ്ദേശ്യമുണ്ട്. കന്നഡയിൽ നിർമാണരംഗത്ത് ഇപ്പോൾ തന്നെയുണ്ട്. മലയാളസിനിമാരംഗത്തേക്കു കൂടി കടന്നുവരാനും ഉദ്ദേശ്യമുണ്ട്.
* പുതിയ പ്രൊജക്ടുകൾ
മലയാളത്തിൽ ഇപ്പോൾ സീബ്രാവരകൾ. വേറെ ഒന്നുരണ്ടു തിരക്കഥകൾ കേട്ടു. പക്ഷേ ഞാൻ വളരെ സെലക്ടീവാണിപ്പോൾ. എന്റെ പ്രായത്തിലുള്ള വ്യത്യസ്തമായ കഥാപാത്രങ്ങൾക്കാണു പ്രാധാന്യം നൽകുന്നത്, അതു മലയാളത്തിലായാലും മറ്റു തെന്നിന്ത്യൻ ഭാഷകളിലായാലും. 34-40 വയസ് പ്രായമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ താത്പര്യമില്ല.
*കുടുംബം
കന്നഡയിലെ സിനിമാ കുടുംബത്തിൽ തന്നെയാണ് ജനനം. പിതാവ് സുന്ദർരാജ നടനാണ്. മാതാവ് പ്രമീള ജോഷായി നടിയും നിർമാതാവുമാണ്.