ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലില്‍ അമൃതയായി അഭിനയിച്ച നടി മേഘനാ വിന്‍സെന്റിന്റെ വിവാഹ വീഡിയോയുടെ പ്രൊമോയെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ. വീഡിയോ പ്രൊമോ കണ്ടുകഴിഞ്ഞാല്‍ ആരുമൊരുനിമിഷം ശങ്കിക്കും ഇത് വിവാഹ വീഡിയോയുടെ പ്രൊമോ തന്നെയോ എന്ന്. കയ്യിലൊരു ഫുട്‌ബോളുമായി മന്ദം മന്ദം നടന്നുവരുന്ന മേഘനയുടെ പദചലനങ്ങളുടെ ക്ലോസപ്പിലാണ് വീഡിയോ തുടങ്ങുന്നത്. പിന്നെ പതിയെ ഫുട്‌ബോള്‍ നിലത്തുവയ്ക്കുമ്പോള്‍ ഗോള്‍ തടുക്കാന്‍ തയാറായി നില്‍ക്കുന്ന മേഘനയുടെ വരനേയും കാണാം. പിന്നെ ഗോളാക്കാനൊരുങ്ങുന്ന മേഘനയുടെ ബോള്‍ അതിസാഹസികമായി തടഞ്ഞിട്ട് പണി വാങ്ങുന്ന ഡോണ്‍ ടോമിന്റെ ‘ഭാവാഭിനയം. പിന്നീട് നവ ദമ്പതികളുടെ മന്ദം മന്ദമുള്ള നയനസുന്ദരമായ ഓട്ടം.
ഇത്രയും കണ്ട് അന്ധാളിച്ചാണ് കമന്റില്‍ ഓരോരുത്തരും അവനവന്റെ മനസില്‍ വിരിഞ്ഞ ഭാവനാ സമൃദ്ധമായ കമന്റുകളുംകൂടി എഴുതി തകര്‍ക്കുന്നത്. ഫുട്‌ബോള്‍ ഗോളാകാതെ തടയാന്‍ ‘ഏതറ്റം’ വരെയും പോകുന്ന നവവരനേയും ആളുകള്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ്. വീഡിയോയുടെ താഴെ കമന്റുകളുടെ പ്രളയമാണ്. ‘വെറുപ്പിക്കലിന്റെ പല വെര്‍ഷന്‍ കണ്ടിട്ടുണ്ട് ഇത്ര ഭയാനകമായത് ആദ്യമായി കാണുകയാ’ എന്നതാണ് ഒന്നാമത്തെ കമന്റ്. പിന്നാലെ ‘എന്റെ ഭാഗത്തും തെറ്റുണ്ട്.. ഈ ലിങ്ക് തുറക്കാന്‍ പാടില്ലായിരുന്നു’ എന്നും ‘സുനാമി ഒരു ആവശ്യമുണ്ടാകുമ്പോള്‍ വരൂല’ എന്നും കമന്റുകള്‍ വന്നിരിക്കുന്നു. ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമെന്നാണ് മറ്റൊരാള്‍ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.
അതിനിടെ വീഡിയോ അടിച്ചുമാറ്റിയതാണെന്ന കണ്ടുപിടുത്തവുമായി ട്രോളര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ വീഡിയോഗ്രാഫി ഗ്രൂപ്പായ വിവാ ടീമിന്റെ വീഡിയോയില്‍ നിന്ന് മേഘ്‌നയുടെ വീഡിയോഗ്രാഫര്‍മാര്‍ കോപ്പിയടിച്ചെന്നാണ് ആരോപണം. അനൂപും സിന്ധുവുമായുള്ള വിവാഹത്തിന്റെ സേവ്‌ഡേറ്റ് വീഡിയോയിലാണ് സമാനമായ ഫുട്‌ബോള്‍ കളിയുള്ളത്. 2015 നവംബറിലാണ് വീഡിയോ പുറത്തുവന്നത്. പക്ഷെ മാന്യമായും രസകരമായുമാണ് ഈ വീഡിയോ ചെയ്തതെന്നാണ് കാഴ്ചക്കാര്‍ അഭിപ്രായപ്പെടുന്നത്. മേഘ്‌നയെ ട്രോളാന്‍ ഈ പഴയ വീഡിയോ ഉള്‍പ്പെടെ തപ്പിയെടുത്തിരിക്കുകയാണ് ട്രോളന്മാരിപ്പോള്‍.