മലയാളികളുടെ മനസിലും ഇടം പിടിച്ച നായികയായ മേഘ്ന രാജ് വിവാഹിതയാവുകയാണെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. തെലുങ്ക് താരമാണെങ്കിലും മലയാളികളുടെ സ്വന്തം താരമായാണ് താരത്തെ പലരും വിശേഷിപ്പിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
നേരത്തെയും മലയാള ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും കരിയർ ബ്രേക്ക് നൽകിയ സിനിമയാണിത്. ചിത്രത്തിലെ ആനി എന്ന കഥാപാത്രത്തെയും മഴനീർത്തുള്ളികൾ എന്ന ഗാനവും അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല.
മേഘ്നയുടെ വിവാഹമാണ് മേയ് രണ്ടിനാണ്. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ആഘോഷത്തിനിടയിലെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കന്നഡ താരമായ ചിരഞ്ജീവി സർജയെയാണ് താരം വിവാഹം ചെയ്യുന്നത്. കന്നഡ സിനിമാലോകത്തെ സംബന്ധിച്ചിടത്തോളും സുപ്രധാനമായൊരു താരവിവാഹമാണ് നടക്കാൻ പോവുന്നത്.
ചിരഞ്ജീവി സർജയും മേഘ്നയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെയും പ്രചരിച്ചിരുന്നു. നിരവധി തവണ ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിട്ടുള്ളവരാണ് ഇരുവരും.
നീണ്ട പത്തു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഒരർഥത്തിൽ പറഞ്ഞാൽ ഗോസിപ്പുകൾ യാഥാർഥ്യമാക്കിയ താരവിവാഹം കൂടിയാണ് നടക്കാൻ പോവുന്നത്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്ന മലയാളത്തിൽ തുടക്കം കുറിച്ചത്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മേഘ്നയ്ക്ക് നിരവധി അവസരങ്ങളാണ് പിന്നീട് ലഭിച്ചത്.
ബ്യൂട്ടിഫുൾ, മെമ്മറീസ്, റെഡ് വൈൻ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നരേനൊപ്പം ഹല്ലേലുയ്യ, സജിൻലാൽ സംവിധാനം ചെയ്ത സീബ്രാവരകൾ എന്നീ ചിത്രങ്ങളിലാണ് താരം ഒടുവിലായി അഭിനയിച്ചത്.വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ഹൽദി ആഘോഷം കഴിഞ്ഞ ദിവസമാണ് നടന്നത്.
ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചുവന്ന ഡ്രസിൽ അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഒക്ടോബർ രണ്ടിനായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വിവാഹ ശേഷവും സിനിമയിൽ തുടരുമെന്ന് മേഘ്ന വ്യക്തമാക്കിയിരുന്നു.