തൃശൂർ: പ്രസവിച്ചയുടൻ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി ഉപേക്ഷിച്ച സംഭവത്തിൽ തെളിവെടുപ്പ് ഇന്നു നടത്തും. കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രതികളായ യുവതിയെയും കാമുകനെയും സുഹൃത്തിനെയും അറസ്റ്റു ചെയ്തത്.
വരടിയം സ്വദേശികളായ മന്പാട്ട് വീട്ടിൽ മേഘ(22), കാമുകൻ ചിറ്റാട്ടുകര വീട്ടിൽ മാനുവൽ(25), സുഹൃത്ത് പാപ്പാനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ(24) എന്നിവരാണ് അറസ്റ്റിലായത്. എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
പരിചയപ്പെട്ടത് ക്ലബ് തുടങ്ങിയ സമയത്ത്
കാമുകൻ മാനുവലിന്റെ വീടിന്റെ അടുത്ത് വീരാടപുരം സമിതി എന്ന ക്ലബ് രൂപീകരിച്ച സമയത്താണ് മേഘയുമായി പരിചയപ്പെടുന്നത്. തുടർന്ന് ഫോണ് വിളികളും മെസേജ് അയക്കുകയും ഇരുവരും തമ്മിൽ ഇഷ്ടത്തിലാകുകയും ചെയ്തു. കഴിഞ്ഞ ഒന്നര വർഷമായി ഈ ബന്ധം തുടർന്നു വരികയായിരുന്നു.
കണ്ടുമുട്ടിയിരുന്നത് മേഘയുടെ മുറിയിൽ. മേഘ വീടിന്റെ മുകളിലെ മുറിയിലായിരുന്നു രാത്രി ഉറങ്ങിയിരുന്നത്. ഇവിടെ വച്ചാണ് കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതെന്ന് ചോദ്യം ചെയ്യലിൽ മേഘ പോലീസിനോട് സമ്മതിച്ചു.
രാത്രി വൈകി കാമുകന് മുറിയിലേക്ക് വരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുമായിരുന്നു. നേരം വെളുക്കുന്പോഴേക്കും തിരിച്ചു പോകും. ഇത്തരത്തിൽ നിരവധി തവണ ബന്ധപ്പെട്ടിരുന്നുവെന്ന് മേഘ സമ്മതിച്ചു.
കുറച്ചു നാളുകൾക്ക് ശേഷം മേഘ ഗർഭിണിയാകുകയും ഈ വിവരം മാനുവലിനോട് പറയുകയും ചെയ്തു. വിവരമറിഞ്ഞപ്പോൾ അബോർഷൻ ആകുന്നതിനുള്ള മരുന്ന് വടക്കാഞ്ചേരിയിൽ നിന്ന് മാനുവൽ വാങ്ങികൊടുത്തിരുന്നുവത്രേ.
പക്ഷേ അബോർഷൻ ആകാതെ വന്നതിനെ തുടർന്ന് ആരോടും പറയാതെ വയറു പുറത്തു കാണിക്കാതെയാണ് നടന്നിരുന്നത്. പ്രസവ സമയമായപ്പോൾ കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒന്പതരയ്ക്ക് മേഘയ്ക്ക് വയറുവേദന കൂടുതൽ ആയതിനെ തുടർന്ന് ടോയ്ലറ്റിൽ പോയി പൈപ്പ് തുറന്നിട്ട് താഴെ ഇരുന്ന് പ്രസവിക്കുകയും കുട്ടിയെ ബക്കറ്റിൽ വെള്ളത്തിൽ ഇടുകയുമാണ് ചെയ്തതെന്ന് മേഘ പറഞ്ഞു.
മറ്റു വസ്തുക്കൾ ക്ലോസറ്റിൽ ഇട്ട് ഒഴുക്കി കളയുകയും കുളിച്ച് ഡ്രസ് മാറി കുട്ടിയെ എടുത്ത് ഒരു കോട്ടണ് കവറിൽ ആക്കി മറ്റൊരു പ്ലാസ്റ്റിക് കവറിൽ ഇട്ടു. കാമുകനെ ഫോണിൽ വിളിച്ച് വിവരം പറയുകയും വീട്ടുകാർക്ക് അറിയില്ലെന്നും കവർ വാങ്ങി കൊണ്ടു പോയി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നുവത്രേ.