കുമരകം: ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയ പ്രതിയെ റിമാൻഡ് ചെയ്തു.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജോലി വാഗ്ദാനം നൽകി വലിയ തട്ടിപ്പുകൾ ഇയാൾ നടത്തിയതായാണ് സൂചന.
കോട്ടയം കുമരകം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലപ്പുറം ഇടശേരികടവ് അന്പലത്തിൻകാട്ടിൽ മെഹമ്മൂദ് (70) ആണ് അറസ്റ്റിലായത്.
2019 മേയ് മൂന്നിന് തിരുവാർപ്പ് കിളിരൂർ കൊച്ചുകൊട്ടാരത്തിൽ സേതു കുമാറിന്റെ മകൻ അഭിലാഷിന് ജോലി വാഗ്ദാനം ചെയ്തു 3,65,000 രൂപ തട്ടിപ്പു നടത്തിയ കേസിലാണ് അറസ്റ്റ്.
സേതുകുമാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണയിലെ ലോഡ്ജിൽനിന്നുമാണ് കുമരകം പോലീസ് ഇയാളെ പിടികൂടിയത്.
20 വർഷം മുന്പ് വീട് വിട്ടിറങ്ങിയ ഇയാൾ സംസ്ഥാനത്തെ പല സ്ഥലങ്ങളിൽ താമസിച്ചു തട്ടിപ്പ് നടത്തിവന്നതാണെന്നു പോലീസ് പറഞ്ഞു.
നാല് മൊബൈൽ കണക്ഷനുകളുണ്ടെങ്കിലും ഈ നന്പരുകളിൽനിന്നും ഇയാൾ ഫോണ് വിളിക്കാറില്ലെന്നും പല ബാങ്കുകളിലും അക്കൗണ്ടുകൾ ഉണ്ടെങ്കിലും അവയൊന്നും സ്ഥിരമായി ഉപയോഗിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
കുമരകം സിഐ ടി. മനോജ്, എസ്ഐ എസ്. സുരേഷ്, ക്രൈം എസ്ഐ എം.പി. സജി., സിപിഒ ഇന്ദുകല, എസ്സിപി ഒ. രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.