കാഞ്ഞിരപ്പള്ളി: ചോളം കൃഷിയിൽ വിജയം കണ്ടെത്തിയിരിക്കുകയാണ് മെഹർ. കുന്നുഭാഗം മെഹറോസ് വീട്ടില്‍ മെഹര്‍ ഫിറോസാണ് വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ ചോളം കൃഷി ചെയ്തത്.
പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ചോളം കൃഷിയാണ് ഇപ്പോൾ വിളവെടുക്കാനായ നിലയിലായിരിക്കുന്നത്. 90 മൂട് ചോളമാണ് കൃഷി ചെയ്തത്.
മക്കൾക്ക് വേണ്ടി മിക്കദിവസങ്ങളിലും ചോളം വിലകൊടുത്ത് വാങ്ങിയിരുന്ന മെഹറിനോട് പലരും ചോളം കൃഷിയെ കുറിച്ച് പറഞ്ഞു കൊടുത്തു. തുടർന്ന് കുമളിയിലെ സുഹൃത്തായ ബിസ്മി ജോസിന്റെ കൃഷിയിടത്തിൽനിന്നു വിത്ത് വാങ്ങി ചോളം കൃഷി ആരംഭിക്കുകയായിരുന്നു.
രണ്ടരമാസം മുന്‍പ് തുടങ്ങിയ കൃഷി 10 ദിവസത്തിനുള്ളിൽ വിളവെടുക്കാനാകും. പൂര്‍ണമായും ജൈവ വളങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കൂടുതൽ പരിചരണമോ പണചെലവോ ചോളം കൃഷിക്ക് ആവശ്യമില്ലെന്നും മെഹർ പറയുന്നു.
ചോളം കൃഷിക്കു പുറമേ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. മധുരക്കിഴങ്ങ്, കൂർക്ക, കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, വെള്ളരി, കക്കിരി, തക്കാളി തുടങ്ങിയവയുടെ തൈകളും നട്ട് വളര്‍ത്തിയിട്ടുണ്ട്.
ഇവയെല്ലാം ചെറിയ രീതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത് വിജയിച്ചതിനുശേഷമാണ് കൃഷിയിലേക്കിറങ്ങിയത്. ഇരുപതിനം പഴവർഗങ്ങളും വീട്ടുവളപ്പിൽ മെഹർ കൃഷിചെയ്യുന്നുണ്ട്.
ഭര്‍ത്താവ് ഡോ. കെ.എം. ഫിറോസ് സൗദിയില്‍ ജോലി ചെയ്യുകയാണ്. മക്കളായ അക്ഷയ്, ആഷിഖ് എന്നിവർ കൃഷിയിൽ സഹായിക്കാൻ ഒപ്പമുണ്ട്. കുന്നുംഭാഗത്തെ കർഷകരുടെ സംഘടനയായ കർഷകക്കൂട്ടത്തിന്റെ വൈസ് പ്രസിഡന്റും കൂടിയാണ് മെഹർ ഫിറോസ്.