കളമശേരി: 1980നുശേഷം അറബിക്കടല്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ഇന്ത്യന്‍ സമുദ്രത്തിന്റെ താപനില പരമാവധി 29 ഡിഗ്രി സെല്‍ഷ്യസ് എന്നത് 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരുന്നതായി പഠനം.
തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ താപനില മറ്റ് സമുദ്രങ്ങളിലേതിനേക്കാള് ഒന്നര മടങ്ങ് വേഗത്തിലാണ് വര്‍ധിക്കുന്നത്. ഈ താപനിരക്ക് ഏറ്റവുമധികം ചുഴലിക്കൊടുങ്കാറ്റ് (ടൈഫൂണുകള്‍) ഉണ്ടാകുന്ന പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിന്റെ നിരക്കിനോട് തുല്യമായ അവസ്ഥയിലാണെന്നും പഠനത്തിൽ പറയുന്നു.
അമേരിക്കയിലെ ഫ്ളോറിഡ മിയാമി സര്‍വകലാശാല റോസന്‍ഷ്യല്‍ സ്കൂളിലെ പ്രഫ. ബ്രയാന്മേപ്സ്-കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍, ഡോ. എസ്. അഭിലാഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ.
അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്ക് കാരണമാകുന്ന ഗാഢ സംവഹന പ്രക്രിയ കേരള തീരത്ത് വര്‍ധിച്ചു വരികയാണ്.കേരളത്തില്‍ 2018 മുതല്‍ ഉണ്ടാകുന്ന പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമാകുന്ന ലഘുമേഘ വിസ്ഫോടനം പോലുള്ള അസാധാരണ പ്രതിഭാസങ്ങള്‍ ഈ അധികതാപനം മൂലമായാണ് പ്രധാനമായും ഉണ്ടാകുന്നത്.
അസ്ഥിരമാകുന്ന അന്തരീക്ഷത്തില്‍ സംയോജിത മേഘശൃംഖലകള് രൂപം കൊള്ളുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ തീവ്രമോ, അതിതീവ്രമോ ആയ മഴ പെയ്യിക്കുകയും ചെയ്യുന്നു.
കുസാറ്റിലെ ഡോ. വി. വിജയകുമാര്‍, ബേബി ചക്രപാണി, പ്രഫ. കെ. മോഹന്‍കുമാര്‍, ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡോ. ഒ.പി. ശ്രീജിത്ത് തുടങ്ങിയവരും ഈ പഠനത്തില്‍ പങ്കാളികളായി. കുസാറ്റിൽ നടക്കുന്ന ഇന്‍ട്രോമെറ്റ്-21 അന്താരാഷ്ട്ര കാലാവസ്ഥാവ്യതിയാന സമ്മേളനത്തില്‍ കേരളതീരത്തെ അസാധാരണ താപനത്തെക്കുറിച്ചുള്ള പഠനം അവതരിപ്പിച്ചു.