സ്വന്തം ലേഖകന്‍
കോഴിക്കോട്: വ്ളോഗറും ആല്‍ബം നടിയുമായ കോഴിക്കോട് കാക്കൂരിലെ റിഫ മെഹ്നു ദുബായിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പോക്സോ കേസില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍.
പതിനേഴ്് വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച് പീഡിപ്പിച്ചതിനാണ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കാക്കൂര്‍ സിഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാസര്‍ഗോഡു നിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയോടെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. പിതാവ് പാവണ്ടൂര്‍ ഈന്താട് അമ്പലപ്പറമ്പില്‍ റാഷിദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ജനുവരി അവസാനമാണ് റിഫ നാട്ടില്‍നിന്ന് ദുബായിലേക്ക് പോയത്.
ദുബായ് കാരാമയില്‍ ഒരു പര്‍ദ ഷോപ്പിലായിരുന്നു ജോലി. തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ദിവസം റിഫ നാട്ടിലേക്ക് വിളിച്ച് രണ്ടര വയസുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.
പിറ്റേന്ന് രാവിലെയാണ് മരണവിവരം വീട്ടില്‍ അറിയുന്നത്. ഭര്‍ത്താവും സുഹൃത്തൃമാണ് റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അവര്‍ പുറത്തുപോയ സമയത്ത് ആത്മഹത്യചെയ്തുവെന്നാണ് ഭര്‍ത്താവ് മെഹ്നാസ് പോലീസില്‍ മൊഴി നല്‍കിയിരുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് റാഷിദ് വടകര റൂറല്‍ എസപി എ.ശ്രീനിവാസിനു പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്.
ദുബായില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം കൊണ്ടുവന്നത് സംശയം ജനിപ്പിച്ചിരുന്നു. ഫോറന്‍സിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്.
താമരശേരി ഡിവൈഎസ്പി ടി.കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാക്കൂര്‍ പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു.
റിഫയുടെ മരണവുമായി ബന്ധപ്പെട്ട് മെഹ്നാസിനെതിരേ കാക്കൂര്‍ പോലീസ് പീഡനം, കാലില്‍ ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കല്‍ , ആത്മഹത്യാ പ്രേരണാകുറ്റം എന്നിവയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ കേസില്‍ മെഹ്നാസ് ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. അന്തിമ വിധി വന്നിട്ടില്ല. അതിനാലാണ് ഈ കേസില്‍ അറസ്റ്റ് ചെയ്യാത്തതെന്ന് താമരശേരി ഡിവൈഎസ്പി ടി.കെ അഷ്റഫ് പറഞ്ഞു.