മെഹ്സാന : അഹമ്മദാബാദ്മെ ഹ്സാന ജില്ലയുടെ സാംസ്കാരികവും ചരിത്രപരവുമായ മേഖലകൾ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള 10 അംഗ വനിത മാധ്യമ സംഘം. മൊഢേരയിലെ സൂര്യക്ഷേത്രം സംഘം സന്ദർശിച്ചു. സാംസ്കാരിക-വികസന ആകർഷണങ്ങൾ പര്യവേക്ഷണം ചെയ്ത്, ഗുജറാത്തിലുടനീളം സഞ്ചരിക്കുന്ന മാധ്യമസംഘം ഇന്ന് സന്ദർശിച്ചു.
കർക്കടകരാശിക്കു സമീപം സ്ഥിതിചെയ്യുന്ന സൂര്യക്ഷേത്രം പതിനൊന്നാം നൂറ്റാണ്ടിലെ അതിശയകരമായ മന്ദിരമാണ്. ദേശീയ പ്രാധാന്യമുള്ള ഈ സ്മാരകം, സോളങ്കി രാജവംശത്തിനു കീഴിൽ പണികഴിപ്പിച്ച മാരു-ഗുർജര വാസ്തുവിദ്യാശൈലിയുടെ മികച്ച ഉദാഹരണമാണ്. ഈ പ്രദേശത്തെ സമാനതകളില്ലാത്ത സവിശേഷതയായ പ്രധാന ദേവാലയവുമായി ജലഘടനയെ സമന്വയിപ്പിക്കുന്ന തനതായ രൂപകൽപ്പനയ്ക്ക് പ്രതിനിധിസംഘം സാക്ഷ്യം വഹിച്ചു.
ബുദ്ധ ഉദ്ഖനന ഇടങ്ങൾക്കു പേരുകേട്ട പട്ടണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മസ്ഥലവുമായ വഡ്നഗറും പ്രതിനിധിസംഘം സന്ദർശിച്ചു. ഈ സ്ഥലത്തെ സമീപകാല ഉദ്ഖനനങ്ങളിൽ എഡി 2-7 നൂറ്റാണ്ടുകൾവരെ പഴക്കമുള്ള ബുദ്ധവിഹാരം കണ്ടെത്തിയിരുന്നു.
12-ാം നൂറ്റാണ്ടിലെ തോരണങ്ങൾ, പട്ടണത്തിലേക്കുള്ള പ്രവേശന കവാടത്തിലെ സ്മാരകമായ മണൽക്കല്ലുകൾ, സോളങ്കി കാലഘട്ടത്തിലെ വാസ്തുവിദ്യയുടെ പ്രധാന മാതൃകകൾ എന്നിവയും മാധ്യമപ്രവർത്തകർ കണ്ടു. വരാനിരിക്കുന്ന വഡ്നഗർ പുരാവസ്തു മ്യൂസിയത്തിന്റെ സ്ഥലത്തും പ്രതിനിധിസംഘം പര്യടനം നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പഠിച്ച സ്കൂളിൽ പ്രവർത്തിക്കുന്ന, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സംരംഭമായ പ്രേരണ കേന്ദ്രവും പ്രതിനിധിസംഘം സന്ദർശിച്ചു. ഇന്ത്യയിലുടനീളമുള്ള 20 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന സവിശേഷമായ റെസിഡൻഷ്യൽ പഠനപരിപാടി ഈ കേന്ദ്രം ഒരുക്കുന്നു.
നദാബെട്ടിലെ ബിഎസ്എഫ് ക്യാമ്പിൽ ‘സീമ ദർശനും’ റിട്രീറ്റ് ചടങ്ങും സംഘം അനുഭവവേദ്യമാക്കി.
തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് വനിതാ മാധ്യമപ്രവർത്തകർക്കായി ഗുജറാത്ത് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ വികസനം നവീകരണം പൈതൃകം എന്നിവ അറിയാനായിട്ടാണ് യാത്ര ഒരുക്കിയിരിക്കുന്നത്.