ആലപ്പുഴ: സമരത്തിനിടെ പോലീസ് ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് രണ്ടാഴ്ച മുൻപ് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിലേക്കു നടത്തിയ മാർച്ചിനിടെയാണ് മേഘയ്ക്ക് പരിക്കേറ്റത്.
ലാത്തികൊണ്ടുള്ള അടിയിൽ കഴുത്തിലെ അസ്ഥികൾ സ്ഥാനംമാറി ഞരമ്പിനു ക്ഷതമേറ്റു. അതുകൊണ്ട് രണ്ടുമാസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
പത്തു മാസങ്ങൾക്കു മുൻപ് 25 ലക്ഷം രൂപ ലോണെടുത്ത് കായംകുളത്ത് ബ്യൂട്ടി സലൂൺ തുടങ്ങിയിരുന്നു മേഘ. എന്നാൽ കിടപ്പിലായതോടെ വായ്പയെടുത്ത് തുടങ്ങിയ സംരംഭം ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാത്ത അവസ്ഥയിലാണ്.
സമരത്തിനിടെ ഒതുങ്ങി നിന്ന പ്രവര്‍ത്തകരെ അകാരണമായി പോലീസ് തല്ലിച്ചതച്ചെന്ന് മേഘ പറയുന്നു. മേഘയ്ക്ക് പുറമേ മറ്റു വനിതാ പ്രവർത്തകർക്കും സാരമായി പരുക്കേറ്റിരുന്നു. അവരിൽ പലരും ഇപ്പോഴും ചികിത്സയിലാണ്.