ദേശമോ ഭാഷയോ വ്യത്യാസമില്ലാതെ ലോകമെങ്ങും ചര്‍ച്ചയും ട്രെന്ഡുമായിരിക്കുകയാണ് മീ ടു കാമ്പയിന്. അന്യ പുരുഷന്മാരില് നിന്ന് തങ്ങള്‍ക്കുണ്ടായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തി സ്ത്രീകള്‍ രംഗത്തെത്തുന്നതാണ് മീ ടു വില്‍ സംഭവിക്കുന്നത്.
ലോകമാകെ കോളിളക്കം സൃഷ്ടിച്ച് അനുദിനം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ‘മീ ടു’ ക്യാമ്പയിനില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്.
ലൈംഗീകാരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീകള്‍ തെളിവു നല്കുന്ന കാര്യത്തിലും ശ്രദ്ധിക്കണമെന്നാണ് മെലാനിയ ട്രംപ് പറയുന്നത്. മീ ടു ക്യാമ്പയിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് തയ്യാറായില്ലെങ്കിലും സ്ത്രീകളെ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് പുരുഷന്മാരെ തള്ളിക്കളയാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.
അതേസമയം, വിവാദ വെളിപ്പെടുത്തലുകള്‍ നടത്തുന്നതില്‍ മാത്രമായി മീ ടൂ ക്യാമ്പയിന് ചുരുങ്ങരുതെന്നാണ് മെലാനിയയുടെ വാദം. ശക്തമായ തെളിവുകളും സ്ത്രീകള്‍ കരുതണമെന്നും ആവശ്യമെങ്കില്‍ ലോകത്തിന് മുമ്പില്‍ അവ വെളിപ്പെടുത്തണമെന്നും മെലാനിയ കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് നടി തുടക്കമിട്ട കാമ്പയിന് കേരളത്തിലും വലിയ രീതിയില്‍ ആഞ്ഞടിക്കുകയും നടന് മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ കാമ്പയിനിലൂടെ ആരോപണം നേരിടുകയും ചെയ്യുകയാണ്.