ബി. രാജേഷ്
ചേർത്തല: മലയാള സിനിമാചരിത്രത്തിലെ തന്നെ ആദ്യ കുഞ്ഞൻ നായകനായ മേള രഘു (ശശിധരൻ-60) ഇനി ഓർമ.
സർക്കസ് കൂടാര ജീവിതത്തിൽ നിന്നും അവധിക്ക് നാട്ടിലെത്തുന്ന ഗോവിന്ദൻകുട്ടിയെന്ന കഥാപാത്രമായി കെ.ജി. ജോർജ് ഒരുക്കിയ മേളയെന്ന ചിത്രത്തിൽ തകർത്താടിയായിരുന്നു രഘുവിന്റെ സിനിമാപ്രവേശം. മെഗാസ്റ്റാർ മമ്മൂട്ടിപോലും ആ ചിത്രത്തിൽ സഹനടനായിരുന്നു.
ബെൽബോട്ടം പാന്റ്സും കട്ടിയേറിയ ബെൽട്ടും ചുണ്ടിലൊരു ഫിൽട്ടർ സിഗരറ്റും കൈയിൽ റേഡിയോയുമായി നടക്കുന്ന കുഞ്ഞൻ നായകൻ ഗോവിന്ദൻകുട്ടി മലയാളികളുടെ മനസിലും അന്നു ചേക്കേറി.
സ്ക്രീനിൽ ആദ്യം തെളിയുന്ന പേർ രഘുവിന്റേതും മമ്മൂട്ടിയുടെ പേരു നാലാമതുമായിരുന്നു. ഒരൊറ്റ സിനിമയിൽ നക്ഷത്രമായി ഉദിച്ചുയർന്ന താരമായിരുന്നു മേള രഘു. സിനിമയിൽ ഒരുപാട് പ്രതീക്ഷിച്ചെങ്കിലും അത്രത്തോളമെത്താനുമായില്ല.
മുപ്പതോളം സിനിമകളിൽ മേള രഘു വേഷമിട്ടു. ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ രണ്ടാംപതിപ്പിൽ മോഹൻലാലിനോടൊത്തായിരുന്നു അവസാനത്തെ വേഷം.
ചായയുമായി മോഹൻലാലിനടുത്തെത്തുന്ന ആ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചെങ്ങന്നൂർ രാധാകൃഷ്ണസദനത്തിൽ രാമകൃഷ്ണപിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ ശശിധരനാണ് മേള രഘുവായി വളർന്നത്.
1980ൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ ഡിഗ്രിക്കു പഠിക്കുന്പോഴാണ് നടൻ ശ്രീനിവാസൻ നേരിട്ടെത്തി സിനിമയിൽ അഭിനയിക്കാമോ എന്ന് ചോദിക്കുന്നത്.
ഒരു സർക്കസ് കൂടാരത്തിന്റെ കഥ പറയുന്ന ചിത്രമായ മേളയിൽ പ്രധാന കഥാപാത്രമായി അഭിനയിക്കാൻ തീരുമാനിക്കുകയും പിന്നീട് സിനിമ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്തു.
ഗോവിന്ദൻകുട്ടിയെന്ന കേന്ദ്ര കഥാപാത്രമായി രഘുവും മരണക്കിണറിൽ ബൈക്ക് ഓടിക്കുന്ന സാഹസികനായ രമേശ് എന്ന കഥാപാത്രമായി മമ്മൂട്ടിയും അതിൽ മത്സരിച്ചഭിനയിച്ചു. കന്നഡ നടി അഞ്ജലി നായിഡുവായിരുന്നു രഘുവിന്റെ നായിക.
ആ സിനിമയിൽ രഘുവിന് മമ്മൂട്ടിയേക്കാളും ഉയർന്ന പ്രതിഫലം കിട്ടിയെന്നത് മറ്റൊരു സത്യം. സ്കൂൾ – കോളജ് തലങ്ങളിൽ നാടകവും മിമിക്രിയുമായി നടന്നിരുന്ന രഘുവിന് ആദ്യസിനിമാ കഴിഞ്ഞപ്പോൾ തന്റെ ഭാവിജീവിതം സിനിമയിലാണെന്ന് കണ്ടു.
സഞ്ചാരി, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, അപൂർവ സഹോദരങ്ങൾ, ഒരു ഇന്ത്യൻ പ്രണയകഥ, ദൃശ്യം 2 വരെ 30 ഓളം സിനിമകളിൽ അഭിനയിച്ചതെല്ലാം വന്പൻ ചിത്രങ്ങൾ.
കൂടാതെ കെപിഎസിയിലെ നാടക തന്പിലും രഘു ഇടം പിടിച്ചു. ദൂരദർശൻ നിർമിച്ച സീരിയൽ വേലുമാലു സർക്കസിലും പ്രധാനവേഷം രഘുവിനെ തേടിയെത്തി.
കമലഹാസൻ നായകനായി അഭിനയിച്ച അപൂർവസഹോദരന്മാരിൽ മമ്മൂട്ടിയുടെയും ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിന്റെയും നിർദേശപ്രകാരമാണ് രഘുവിന് അഭിനയിക്കാൻ അവസരം കിട്ടിയത്.
ചേർത്തല നഗരസഭ 18-ാം വാർഡിൽ പുത്തൻവെളി വീട്ടിലായിരുന്നു രഘു (ശശിധരൻ-60) വിന്റെ താമസം. കഴിഞ്ഞ 16നു വീട്ടിൽ വച്ച് രഘുവിന് ഫിറ്റ്സ് വരുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണമടഞ്ഞു. നിർമാതാവ് സുരേഷ്, നടൻ അജു വർഗീസ്, സംവിധായകൻ അനിൽ തോമസ് തുടങ്ങി സിനിമാ മേഖലയിൽനിന്ന് നിരവധി പേർ അനുശോചനമറിയിച്ചു.