കാഞ്ഞിരപ്പള്ളി: ദൃശ്യമനോഹരമായ മേലരുവി വെള്ളച്ചാട്ടം ടൂറിസം ഭൂപടത്തിൽ പ്രവേശിക്കാൻ കാത്തിരിക്കുന്നു.
മലയോര മേഖലയുടെ കവാടമായ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തെ മേലരുവി വെള്ളച്ചാട്ടമാണ് വികസനങ്ങളും വിനോദ സഞ്ചാരികളെയും കാത്തിരിക്കുന്നത്.
ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള മേലരുവിയിലെ വെള്ളച്ചാട്ടവും ഇവിടെയുള്ള തടയണയിലെ വെള്ളവും പ്രയോജനപ്പെടുത്തി ബോട്ടിംഗ് ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികൾ നടപ്പാക്കിയാൽ കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയും.
നിശ്ചലമായ മേല്‍ത്തട്ടില്‍ നിന്നു പാറക്കെട്ടുകളില്‍ ചിന്നിച്ചിതറി വീണ് പതഞ്ഞൊഴുകുന്ന കാഴ്ച ദൃശ്യമനോഹരമാണ്.
കോട്ടയം-കുമളി ദേശീയപാതയില്‍ കുന്നുംഭാഗത്തു നിന്ന് ഒരുകിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം.
ഇവിടെ വികസനമുണ്ടായാല്‍ തേക്കടി, വാഗമണ്‍, പാഞ്ചാലിമേട് തുടങ്ങി ഹൈറേഞ്ചിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്ക് ഒരു ഇടത്താവളം കൂടിയാകുമിത്. മേയ് മുതല്‍ ഡിസംബര്‍ വരെയുള്ള എട്ടുമാസം വെള്ളച്ചാട്ടത്താൽ സമൃദ്ധമാണ്.
മുന്‍പ് തടയണയിൽ കാഞ്ഞിരപ്പള്ളി മേഖലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകിയിരുന്നു.
എന്നാൽ, പിന്നീട് ചെളിയും മരക്കന്പുകളും നിറഞ്ഞതിനാൽ പരിശീലനം സാധ്യമല്ലാതായി. ഇവ നീക്കി തടയണയുടെ ആഴം കൂട്ടിയാൽ നീന്തൽ പരിശീലനവും ബോട്ടിംഗും സാധ്യമാകും.
ഇരു കരകളിലും ഇരിപ്പടങ്ങൾ സ്ഥാപിച്ചാൽ സഞ്ചാരികൾക്ക് വിശ്രമ കേന്ദ്രവുമാകും.
മുൻ പഞ്ചായത്ത് ഭരണസമിതി വിശ്രമ കേന്ദ്രവും തടയണയിൽ ബോട്ടിംഗിനുമുള്ള പദ്ധതിക്ക് രൂപം കൊടുത്തെങ്കിലും നടപ്പായില്ല. മേലരുവി തോടിന് കുറുകെ നിർമിച്ചിരിക്കുന്ന പാലം മറുകരയുമായി ബന്ധിപ്പിച്ചിട്ടില്ല. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും ഒരു വശത്ത് അപ്രോച്ച് റോഡ് കൂടി നിർമിക്കേണ്ടതുണ്ട്. യാത്രാ സൗകര്യം ഉൾപ്പെടെ വിനോദ സഞ്ചാര സൗകര്യങ്ങൾ ഒരുക്കിയാൽ നാട്ടുകാർക്കും ഏറെ ഗുണകരമാകും. നിലവില്‍ ഒരു സൂചനാബോര്‍ഡ് മാത്രമാണ് ഇവിടെയുള്ളത്.
ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദേശീയപാതയില്‍നിന്ന് തിരിയുന്നിടത്തും മറ്റ് ജംഗ്ഷനുകളിലും സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കുകയും ടൂറിസം വികസനത്തിനു വേണ്ട നടപടികള്‍ ഉണ്ടാവുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജില്ലാ പഞ്ചായത്തിന്റെയോ പ്രാദേശിക ഭരണകൂടങ്ങളുടെയോ ഭാഗത്തുനിന്നും ടൂറിസം വികസനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുവാനും പ്രദേശത്തിന്റെ വികസനത്തിനും വഴിയൊരുക്കും.