കൊച്ചി: ‘കൊടുത്താൽ കൊല്ലത്തും കിട്ടു’ മെന്ന് അറിയാത്തവരായിരുന്നു മെൽബണ്‍ സിറ്റിക്കാർ. അതുകൊണ്ടുതന്നെ അവർ ലാലിഗ വേൾഡ് ആദ്യമത്സരത്തിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡി യത്തിൽവച്ച് ബ്ലാസ്റ്റേഴ്സിന്റെ വലയിൽ കൊടുത്തത് ആറു ഗോൾ. രണ്ടു ദിവസത്തിനുശേഷം ഇന്നലെ ജിറോണയ്ക്കെതിരേ അതേ മൈതാനത്ത് ഇറങ്ങിയപ്പോൾ മെൽബണ്കാർക്കും കിട്ടി അത്രതന്നെ.
സ്പാനിഷ് ലാലിഗ ക്ലബ്ബിനെതിരേ 6-0ന്റെ തോൽവി മെൽബണ്‍ സിറ്റി എഫ്സി നേരിട്ടു. ഫലത്തിൽ കൊടുത്താൽ കൊച്ചിയിലും കിട്ടുമെന്ന അവസ്ഥ! ലാലിഗ വേൾഡ് പ്രീ സീസണ് ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തകർത്തെറിഞ്ഞ മെൽബണ്‍ സിറ്റി എഫ്സിയെ രണ്ടാം മത്സരത്തിൽ നിലംപരിശാക്കി ജിറോണ എഫ്സി.
4-3-3 ഫോർമേഷനിൽ ജിറോണ എഫ്സി കളത്തിലെത്തിയപ്പോൽ മെൽബണ്‍ സിറ്റിയെ 4-2-2-1 ശൈലിയിലാണ് കോച്ച് വാരണ് ജോയ്സ് ഇറക്കിയത്. ആദ്യമിനിറ്റുകളിൽ ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും പിന്നീട് മെൽബണ്‍ സിറ്റിക്കെതിരേ കടുത്ത ആക്രമണമുറകളാണ് ജിറോണ പുറത്തെടുത്തത്. നാലാം മിനിറ്റിൽ ഹല്ലോര തൊടുത്തുവിട്ട പന്ത് വലയിലെത്തിക്കാൻ മക്ഗ്രീ ശ്രമം നടത്തിയെങ്കിലും വിഫലമായി. രണ്ടു കോർണറുകൾ ഇരു ടീമുകൾക്കും ആദ്യ പത്തുമിനിറ്റുള്ളിൽ ലഭിച്ചുവ്ങ്കെിലും ഗുണമുണ്ടായില്ല.
എന്നാൽ, 11 -ാം മിനിറ്റിൽ കളിയുടെ ഗതിമാറ്റി നല്ലൊരു മുന്നേറ്റത്തിലൂടെ ജിറോണ ലീഡ് നേടി. പെറെ പോണ്സ്് റിയേറെ വലതു പാർശ്വത്തിലൂടെ അതിവേഗം മുന്നേറി പന്ത് ക്രിസ്റ്റ്യൻ പോർച്ചുഗീസ് നൽകി.
പന്ത് കിട്ടിയ ക്രിസ്റ്റ്യൻ മെൽബണ്‍ സിറ്റി പ്രതിരോധനിരക്കാരനെ കബളിപ്പിച്ച ശേഷം പായിച്ച ഷോട്ടിലൂടെ ജിറോണക്ക് ആദ്യഗോൾ. പന്ത് തൊട്ടുപിന്നാലെ 17 മിനിറ്റിൽ ജിറോണ വീണ്ടും മെൽബണ്‍ സിറ്റിയുടെ വല കുലുക്കി രണ്ടാം ഗോളും നേടി. ഇത്തവണയും പെറെ പോണ്‍സിന്റെയും ക്രിസ്റ്റ്യൻ പോർച്ചുഗീസിന്റെയും മുന്നേറ്റത്തിലാണ് ജിറോണ ലക്ഷ്യം കണ്ടത്.
മൈതാനമധ്യത്തുനിന്ന് പന്തുമായി മൂന്നേറിയ പൈറ പോണ്‍സ് ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് അഡ്വാൻസ് ചെയ്ത് കയറിയ മെൽബണ്‍ ഗോളി ഡീൻ ബൗസെയ്ൻസിനെ നിഷ്പ്രഭനാക്കി ക്രിസ്റ്റ്യൻ വലയിലേക്ക് തള്ളിയിട്ടു. തുടർന്ന് ജിറോണയുടെ സർവാധിപത്യമായിരുന്നു. പന്ത് കിട്ടാതെ മെൽബണ്‍ താരങ്ങൾ മൈതാനത്ത് ഉഴറിയപ്പോൾ മികച്ച വിംഗ് ആക്രമണങ്ങളുമായി ജിറോണ കളം നിറഞ്ഞു.
24-ാം മിനിറ്റിൽ മെൽബണ്‍ പ്രതിരോധത്തെ തകർത്തെറിഞ്ഞ് ജിറോണ മുന്നാം ഗോളും നേടി. വലതുവിംഗിൽ നിന്ന് അദായ് ബെനിറ്റ്സ് പോസ്റ്റിന് മുന്നിലേക്ക് നൽകിയ പാസ് മെൽബണ്‍ ഗോളി ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് കിട്ടിയ ആന്റണി റൂബൻ ലൊസാനോ അവസരം പാഴാക്കാതെ വലയിലേക്ക് പായിച്ചു. തുടർന്നും ജിറോണയുടെ മുന്നേറ്റമായിരുന്നു. ഇടതുവലതു വിംഗുകളിൽക്കൂടിയായിരുന്നു മുന്നേറ്റങ്ങളേറെയും. കഴിഞ്ഞ കളിയിൽ ബ്ലാസ്റ്റേഴ്സിനെതിരേ ഇരട്ടഗോൾ നേടിയ മകഗ്രീക്ക് സഹതാരങ്ങളിൽനിന്നു മികച്ച പിന്തുണ ലഭിക്കാതിരുന്നത് മുന്നേറ്റങ്ങളെ ബാധിച്ചു.
ജിറോണയുടെ ക്രിസ്റ്റ്യൻ പോർച്ചുഗീസും പെരേ പോണ്‍സും മികച്ച മുന്നേറ്റങ്ങളുമായി മെൽബണ്‍ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചെങ്കിലും ആദ്യ പകുതിയിൽ കൂടുതൽ ഗോൾ നേടാൻ കഴിഞ്ഞില്ല. ഇതിനിടെ ഒരിക്കൽ മാത്രമാണ് മെൽബണ്‍ സിറ്റി താരങ്ങൾക്ക് ജിറോണ ഗോളിയെ പരീക്ഷിക്കാൻ കഴിഞ്ഞത്.
43-ാം മിനിറ്റിൽ നല്ലൊരു മുന്നേറ്റത്തിനൊടുവിൽ ഫൊർനറോലി പന്തുമായി ജിറോണ ബോക്സിൽ പ്രവേശിച്ച് ഷോട്ട് ഉതിർത്തെങ്കിലൂം നേരിയ വ്യത്യാസത്തിൽ പോസ്റ്റിനെ ഉരസി പന്ത് പുറത്തുപോയി. രണ്ടാം പകുതിയിലും മികച്ച മുന്നേറ്റം തുടർന്ന ജിറോണക്ക് മുന്പിൽ മെൽബണ്‍ സിറ്റിക്ക് പിടിച്ചു നിൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ 51-ാം മിനിറ്റിൽ അവർ നാലാം ഗോളും നേടി.
സെറാനോ എടുത്ത കോർണർ നല്ലൊരു ഹെഡ്ഡറിലൂടെ യുവാൻ പെഡ്രോ ലോപ്പസ് വലയിലെത്തിക്കുകയായിരുന്നു. 69-ാം മിനിറ്റിൽ ജിറോണ അഞ്ചാം ഗോളും നേടി. നല്ലൊരു മുന്നേറ്റത്തിനൊടുവിൽ യോഹാൻ മാനിയുടെ ഷോട്ട് മെൽബണ്‍ ഗോളി കയ്യിലൊതുക്കാൻ ശ്രമിച്ചെങ്കിലും വഴുതിവീണു. ഓടിയെത്തിയ മെൽബണ്‍ സിറ്റി താരം ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിന് മുന്‍പ് മാനി രണ്ടാം ശ്രമത്തിൽ പന്ത് വലയിലേക്ക് തട്ടിയിട്ടു.
ജിറോണയുടെ ഭാഗത്തുനിന്നും മുന്നേറ്റങ്ങളുണ്ടായെങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല. അതേസമയം മെൽബണ്‍സിറ്റിക്ക് കാര്യമായി ജിറോണ ഗോളിയെ പരീക്ഷിക്കാൻ പോലും കഴിഞ്ഞില്ല. ഒടുവിൽ പരിക്ക് സമയത്ത് പെഡ്രോ പൊറോ ഹെഡറിലൂടെ വലകുലുക്കി ആറാം ഗോളും നേടി. ഇതോടെ ഓസ്ട്രേലിയൻ എ ലീഗിലെ ശക്തരായ മെൽബണ്‍സിറ്റി പൂർണമായും തകർന്നു.
വി.ആർ. ശ്രീജിത്ത്