മെൽബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റ് നടന്ന മെൽബണിലെ പിച്ച് അത്ര പോരായിരുന്നുവെന്ന് ഐസിസിയുടെ കണ്ടെത്തൽ. ആവശ്യത്തിനു പേസോ ബൗണ്‍സോ പിച്ചിൽ ഇല്ലായിരുന്നുവെന്നു താരങ്ങൾ പരാതി പറഞ്ഞതിനു പിന്നാലെയാണ് മാച്ച് റഫറി രഞ്ജൻ മദുഗുലെയും ഐസിസിക്ക് മോശം റിപ്പോർട്ട് നല്‍കിയത്.
ഇതാദ്യമായാണ് ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര പിച്ചിനെ മോശം എന്ന് ഐസിസി മുദ്രകുത്തുന്നത്. നവംബറിൽ വനിതകളുടെ ആഷസ് നടന്ന നോർത്ത് സിഡ്നിയിലെ ഓവൽ, ശരാശരിയിലും താഴെ എന്ന് ഐസിസി റേറ്റ് ചെയ്തിരുന്നു.
മെൽബണിലെ ജീവനില്ലാത്ത പിച്ചിൽ കളി മുന്നോട്ടു പോകുന്തോറും ബൗണ്‍സ് കുറഞ്ഞുവരുന്നതാണു കാണുന്നതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ റിപ്പോർട്ടിൽ പറയുന്നു. ബൗണ്‍സ് ശരാശരി മാത്രമുള്ള ഈ പിച്ചിൽ പേസ് തീരെ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഐസിസിയുടെ വിലയിരുത്തലിൽ അഞ്ചു പോയിന്റിൽ താഴെ പോയാൽ ഒരു വർഷത്തെ വിലക്ക് വരെ മെൽബണ്‍ ഗ്രൗണ്ട് നേരിടേണ്ടിവന്നേക്കും. ബോക്സിംഗ് ഡേ ടെസ്റ്റിനു പുറമേ ലോകകപ്പ് ഫൈനലിനു വരെ വേദിയായിട്ടുള്ള മെൽബണ്‍ ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്കു തിരിച്ചെത്തിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ജയിംസ് സതർലാൻഡ് പറഞ്ഞു.