കോട്ടയം: രാത്രിയിലെ ബൈക്ക് യാത്രക്കാർ ശ്രദ്ധിക്കണം. ഹെൽമറ്റ് മോഷ്ടാക്കൾ കിടങ്ങൂരിലുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ ഹൈവേ പോലീസ് നോക്കി നില്‍ക്കേയാണ് ഹെൽമറ്റ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയിൽ 12നു കിടങ്ങൂർ കവലയിലെ ബസ് ബേയ്ക്കു സമീപത്ത് പ്രവർത്തിക്കുന്ന തട്ടുക്കടയ്ക്കു മുന്നിൽ നിന്നുമാണ് ഹെൽമറ്റ് മോഷണം പോയത്. പാലാ ഭാഗത്തേക്കു ബൈക്കിൽ പോവുകയായിരുന്നു യാത്രക്കാരൻ.
തട്ടുകടയ്ക്കു സമീപത്ത് ഒരു ബൈക്ക് ഇരിക്കുന്നതിനോടു ചേർന്ന് തന്റെ ബൈക്ക് വച്ചശേഷം ഭക്ഷണം കഴിക്കുന്നതിനായി തട്ടുകടയിൽ കയറി. ഇതേ സമയം തട്ടുകടയിൽ കുറച്ചുപേർ ഭക്ഷണം കഴിച്ചശേഷം പണം നല്കി പോകുകയും ചെയ് തു. പാലായിലേക്ക് അനുവദിച്ച പുതിയ ഹൈവേ പോലീസിന്റെ വാഹനവും തട്ടുകടയ്ക്കു മുന്നിലെത്തി നിർത്തി. ഒരു പോലീസ് ഉദ്യോഗസ്ഥൻ കടയിലെത്തി ഭക്ഷണം കഴിക്കാൻ കടയുടെ ഉള്ളിലേക്കു കയറുകയും ചെയ്തു.
അല്പ സമയത്തിനുശേഷം ഭക്ഷണം കഴിച്ചു കഴിഞ്ഞ യുവാവ് തിരികെ മടങ്ങുന്നതിനായി ബൈക്കിനു മുന്നിലെത്തിയപ്പോഴാണു ഹെൽമറ്റ് കാണാതായ വിവരമറിയുന്നത്. ഹെൽമറ്റില്ലാതെ ബൈക്കിലെത്തിയവർ ഹൈവേ പോലീസിനെ കണ്ടതോടെ ബൈക്കിലിരുന്ന ഹെൽമറ്റ് കൈക്കലാക്കി കടന്നു കളയുകയായിരുന്നുവെന്ന് സംശയിക്കുന്നു.
പതിവായി ഈസമയത്ത് കിടങ്ങൂർ ഹൈവേ ജംഗ്ഷനിൽ കിടങ്ങൂർ പോലീസിന്റെ വാഹന പരിശോധനയുള്ളതാണ്. എന്നാൽ ചൊവാഴ്ച രാത്രിയിൽ ഈ സമയത്ത് ഇവിടെ പോലീസിന്റെ പരിശോധനയുണ്ടായിരുന്നില്ല. നാളുകൾക്കു മുന്‍പും സമാനമായി രീതിയിൽ പ്രദേശത്ത് ഹെൽമറ്റ് മോഷണം പതിവായിരുന്നു.