മേലൂർ: ആടുകളുടെ കേമൻമാർ മേലൂരിലുണ്ട്. ബീറ്റൽ, സിറോഹി, ജമ്നാപ്യാരി, ബ്രൗണ്‍ ബീറ്റൽ ഇനത്തിലുള്ളവയാണുള്ളത്. കുന്നിൽ കുരിശേരി ലോനപ്പന്റെ വീട്ടിലാണ് വലിയ മുട്ടനാടുകൾ ഉള്ളത്.
23 വർഷങ്ങൾക്കു മുൻപ് നാല് ആടുകളുമായി ആരംഭിച്ചതാണ് സംരംഭം. ഇണചേർക്കുന്ന പ്രക്രിയ മാത്രമാണ് ഇവിടെയുള്ളത്.
ലോനപ്പന്റെ മകനായ ഇരുപത്തിനാലുകാരൻ ലെനിൽ ബാബുവാണ് ആടുകളുടെ സംരക്ഷകൻ. മൂന്നര വയസുള്ള ബീറ്റലാണ് ഏറ്റവും വലുതും 130 കിലോ ഭാരവുമുള്ളത്.
മൂന്നര അടി ഉയരമുള്ള ആട് ഉയർന്നു നിന്നാൽ എട്ട് അടിയും വരുന്നുണ്ട്. ആടുകളെക്കുറിച്ച് കേട്ടറിഞ്ഞ് ഇണ ചേർക്കാൻ നിരവധി ആടുകളെ ഇവിടെയെത്തിക്കാറുണ്ട്.
കുട്ടികളുടെ എണ്ണത്തിലും, ഇറച്ചി, പാൽ, തൂക്കം എന്നിവ കൂടുതലായിരിക്കും. രണ്ട് വയസുള്ള സിറോഹിയാണ് വളരെയേറേ ശക്തിയേറിയതും നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളതും.
പുതുതലമുറ മനസുവച്ചാൽ ആടുകൃഷി ലാഭകരമാണെന്ന് ഈ കർഷകർ പറയുന്നു. വലുപ്പമേറിയ ആടുകൾ ആയതു കൊണ്ട് ഓരോന്നിനും ഓരോ കൂട് വേണം.
സിമന്റ് കട്ടകൾ ഉപയോഗിച്ചും ബലമേറിയ മരപ്പലകയും ഉപയോഗിച്ച് നിർമിച്ചവയാണ് ഇവിടെയുള്ളത്.