
മേലൂർ: ആളും ആരവവും ഇല്ലാതെ പ്രതിശ്രുത വധുവും വരനും സമ്മതമേകി. വിരുന്നു സത്കാരം ഒഴിവാക്കി സമൂഹ അടുക്കളയിലേക്കു ഭക്ഷണം നൽകി.
മേലൂർ കച്ചിറയ്ക്കൽ ജോർജ് – സീന ദന്പതികളുടെ മൂത്തമകൾ ഗ്രീഷ്മയും തിരുമുടിക്കുന്ന് ചൂരയ്ക്കൽ ബാബു – ഡാലി ദന്പതികളുടെ മകൻ പോളിന്റെയും മനസമ്മതമാണ് ഇന്നലെ മേലൂർ പള്ളിയിൽ സർക്കാർ നിഷ്കർഷിച്ച ചട്ടങ്ങൾ പ്രകാരം നടത്തിയത്.
ദുരിതകാലത്ത് ആഘോഷങ്ങൾ ഒഴിവാക്കി ആ തുക ഉപയോഗിച്ച് എന്തെങ്കിലും സഹായങ്ങൾ ചെയ്യണമെന്ന് ജോർജ് തീരുമാനിക്കുകയായിരുന്നു.
സുഹൃത്തും മേലൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ജോസഫ് പൈനാടത്തിനോട് ഇക്കാര്യം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിവാഹസദ്യക്കുവേണ്ടി കരുതിവച്ച തുക കൊണ്ട് കമ്യൂണിറ്റി കിച്ചണ്‍ വഴി നിർധനരായ ആളുകൾക്ക് ഭക്ഷണം നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു.
150 പേർക്ക് രണ്ടു നേരത്തേക്കുള്ള ചിക്കൻ ബിരിയാണി സമൂഹ അടുക്കള വഴി വിതരണം ചെയ്തു. പള്ളിയിലെ ചടങ്ങുകൾക്കുശേഷം പ്രതിശ്രുത വധൂവരന്മാർ കമ്യൂണിറ്റി കിച്ചണ്‍ സന്ദർശിച്ചു.
മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം പി.എ. സാബു, പഞ്ചായത്തംഗങ്ങളായ ജോസഫ് പൈനാടത്ത്, എം.എസ്. ബിജു, വിക്ടോറിയ ഡേവിസ്, എം.ഡി. പ്രദീപ്, സി.കെ.വിജയൻ, സിഡിഎസ് ചെയർപേഴ്സൻ ഇന്ദിര മോഹനൻ, അസി. സെക്രട്ടറി സി.എൻ.അനൂപ് എന്നിവർ ചേർന്ന് പ്രതിശ്രുത വധു വരന്മാരെ സ്വീകരിച്ചു.
വധു ഗ്രീഷ്മ പറവൂർ മാത എൻജിനീയറിംഗ് കോളജിൽ അധ്യാപികയാണ്. വരൻ പോൾ മൈസൂരിൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുന്നു.