
മേലൂർ: ഈസ്റ്റർ – വിഷു ആഘോഷം കലക്കാൻ ലോക്ക് ഡൗണ്‍ പൊട്ടിച്ച് വ്യാജമദ്യം നിർമിച്ച വാറ്റുകാരനേയും വാഷും പോലീസ് പൊക്കി. സംഭവവുമായി ബന്ധപ്പെട്ട് ചെമ്മനാട്ടിൽ സുബിൻ എന്ന കോക്കാൻ സുബിനെയാണ് (39) കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
സുബിയുടെ വീടിന് സമീപമുള്ള ഒഴിഞ്ഞ വലിയ പറന്പിലെ സിമന്റ് ടാങ്കിൽ മൂന്ന് ടാങ്ക് വാഷും തൊട്ടടുത്ത കശുമാവിൻ ചുവട്ടിൽ നിന്ന് മറ്റൊരു വാഷ് നിറച്ച ടാങ്കും വാറ്റ് ഉപകരണങ്ങളും മറ്റും പോലീസ് കണ്ടെടുത്തു.600 ലിറ്റർ വാഷാണ് പിടിച്ചെടുത്തത്. ഓടി രക്ഷപ്പെടുന്നതിനിടയിലാണ് സുബിയെ പോലീസ് കൈയോടെ പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വ്യാജമദ്യനിർമാണം പിടികൂടിയത്.
കൊരട്ടി പോലീസ് എസ്.എച്ച്.ഒ ബി.കെ.അരുണ്‍, എസ്ഐമാരായ രാമു ബാലചന്ദ്ര ബോസ്, സി.എ.ജോഷി, സിപിഒ എ.യു.റെജി, വി.ആർ.രെജിത്ത്, എഎസ്ഐമാരായ എം.എസ്. പ്രദീപ്, കെ.വി.തന്പി,മുരുകേഷ്, കെ.പി. ഫസ്റ്റ് എം.എം.ഷിഫാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.