ഈരാറ്റുപേട്ട: മേലുകാവിൽ ഓട്ടോറിക്ഷാ അപകടത്തിൽ പരിക്കേറ്റവരുടെ നില അതേ പടി തുടരുന്നു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രഞ്ജിലിന്റെ നിലയിൽ മാറ്റമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. മരിച്ചവരിൽ മടക്കത്താനം ചാത്തൻകുന്നേൽ സാബുവിന്റെ മകൻ ആനന്ദിന്റെ (17) സംസ്കാരം ഇന്നു രാവിലെ കുടയത്തൂരിലെ തറവാട്ടു വീട്ടിൽ നടത്തി.
ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ മേലുകാവ് ദീപ്തി ജംഗ്ഷനു സമീപം സ്വകാര്യ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് മുട്ടം ഐഎച്ച്ആർഡിയിലെ രണ്ടു പ്ലസ് ടു വിദ്യാർഥികളാണ് മരിച്ചത്. പൂമാല മംഗലമുടയ്ക്കൽ രവിയുടെ മകൻ അലൻ (18), മടക്കത്താനം ചാത്തൻകുന്നേൽ സാബുവിന്റെ മകൻ ആനന്ദ് (17) എന്നിവരാണ് മരിച്ചത്. അലന്റെ സംസ്കാരം ഇന്നു നടക്കും. അഞ്ചു പേർക്ക് പരിക്കേറ്റു.
വണ്ടൻമേട് പള്ളിത്താഴത്ത് രജ്ഞിൽ പി. ചന്ദ്രൻ (17) ഓട്ടോ ഓടിച്ചിരുന്ന മുട്ടം കുന്നുങ്കൽ ഹരീഷ് (18) മേലുകാവുമറ്റം വട്ടമറ്റത്തിൽ സെബിൻ മാത്യു (18) മുട്ടം പുള്ളോലിൽ ജോസ് പി. ബിനോയി (17) കുറ്റാൽ മുള്ളൻ കുഴിയിൽ എം.കെ.രാഹുൽ (17)എന്നിവർക്കാണ് പരിക്കേറ്റത്. മേലുകാവ് സർവീസ് സഹകരണ ബാങ്കിനു സമീപം ഇന്നലെ രാവിലെ 11.45 നായിരുന്നു അപകടം.
ബാങ്കിൽ ഡയറക്്ടർ ബോർഡ് യോഗം നടക്കുന്നതിനിടെ അപകടം അറിഞ്ഞ് ബോർഡ് മെംന്പർമാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കൊടുംവളവിലെ കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട ഓട്ടോ മതിലിൽ ഇടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ മേലുകാവ് സഹകരണ ബാങ്കിന്റെ ആംബുലൻസിൽ ഈരാറ്റുപേട്ട റിംസ് ആശുപത്രിയിൽ എത്തിക്കും വഴി അലനും ആനന്ദും മരിച്ചു.
ഗുരുതരമായി പരിക്കേറ്റ രഞ്ജിലിനെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ റിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സരീഷിന്റെ പിതാവിന്റേതാണ് അപടത്തിൽപ്പെട്ട ഓട്ടോ റിക്ഷ. അലന്റെ പിതാവ് രവി പൂച്രപ്രയിൽ ഓട്ടോ ഡ്രൈവറാണ്. മാതാവ് ലനിത തൊടുപുഴ മുനിസിപ്പാലിറ്റിയിൽ താൽക്കാലിക ജീവനക്കാരിയാണ്.
ഇവരുടെ ഏക മകനാണ് അലൻ. സാബു-മഞ്ജു ദന്പതികളുടെ മകനാണ് ആനന്ദ്. ഓട്ടോ ഡ്രൈവറായ സാബു പരിക്കേറ്റു കടിപ്പിലായതോടെ കുടയത്തൂരിൽ നിന്ന് ഒരു മാസം മുൻപാണ് മടക്കത്താനത്തെ വാടക വീട്ടിലേക്ക് താമസം മാറിയത്. അരവിന്ദാണ് സഹോദരൻ.