കോതമംഗലം: പഞ്ചായത്തംഗം വിദേശത്ത് പോയതിനെ തുടർന്നു വാർഡ് അനാഥമായെന്നും വികസന മുരടിപ്പ് നേരിടുന്നതായും സിപിഐ കവളങ്ങാട് ഏരിയ നേതൃയോഗം ആരോപിച്ചു. കവളങ്ങാട് പഞ്ചായത്തിലെ പത്താം വാർഡംഗമായ ജിബിൻ ജോർജാണ് ജോലിയ്ക്കായി ആറു മാസത്തെ അവധിയെടുത്ത് വിദേശത്ത് പോയത്. 2017 ഡിസംബർ മാസത്തിലാണ് വാർഡംഗം അവധിയിൽ പ്രവേശിച്ചത്.
ആറു മാസത്തിലേറെക്കാലം താമസ സ്ഥലത്തുനിന്നു മാറിനിന്നാൽ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാമെന്നതിനാൽ ജിബിൻ ജോർജിനെ അയോഗ്യനാക്കി ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വാർഡിലെ ഗ്രാമസഭ പോലും പഞ്ചായത്തംഗത്തിന്റെ അഭാവത്തിലാണ് നടത്തിയതെന്നും ലൈഫ് പദ്ധതി വാർഡിൽ ആരംഭിക്കാനായിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. പി.എം. ശിവൻ അധ്യക്ഷത വഹിച്ചു.
പി.ടി. ബെന്നി, ഗ്രേസി ജോണ്, സൈറോ ശിവറാം എന്നിവർ പ്രസംഗിച്ചു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വിദേശത്തുനിന്നു മടങ്ങിയെത്തുന്ന പഞ്ചായത്തംഗം പ്രവർത്തനങ്ങളിൽ വ്യാപൃതനാകുമെന്നാണ് ഭരണപക്ഷം പറയുന്നത്.