ഇടുക്കി: മയക്കുമരുന്ന് കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. വണ്ടന്മേട് പഞ്ചായത്ത് അംഗം സൗമ്യ സുനില്‍ ആണ് അറസ്റ്റിലായത്.
സൗമ്യ, ഭര്‍ത്താവിന്റെ വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു. ഭര്‍ത്താവിനെ ജയിലിലാക്കിയതിന് ശേഷം കാമുകനൊപ്പം ജീവിക്കാനാണ് സൗമ്യ ഇങ്ങനെ ചെയ്തത്.
ആദ്യം ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി എറണാകുളത്തുള്ള ക്വട്ടേഷന്‍കാരെ ചുമതലപ്പെടുത്തി. എന്നാല്‍ പോലീസ് പിടികൂടുമെന്ന ഭയത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ വിഷം നല്കി കൊലപ്പെടുത്താന്‍ ആലോചിച്ചു.
ഇതും വേണ്ടെന്ന് വച്ചാണ് എംഡിഎംഎ ഭര്‍ത്താവിന്റെ വാഹനത്തില്‍ ഒളിപ്പിച്ചു വച്ച് പോലീസിനെക്കൊണ്ട് പിടിപ്പിക്കാന്‍ ശ്രമിച്ചത്. മയക്കുമരുന്ന് ഒളിപ്പിച്ച് വച്ചതിന് ശേഷം സൗമ്യ തന്നെയാണ് ഇക്കാര്യം പോലീസില്‍ വിളിച്ചു പറഞ്ഞത്.
പോലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ മദ്യപാനിയോ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളോ അല്ലെന്ന് പോലീസ് മനസിലാക്കി. തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി പുറത്തായത്.
സൗമ്യയെയും കൂട്ടുപ്രതികളായ എറണാകുളം സ്വദേശികളായ ഷാനവാസ്, ഷെഫിന് എന്നിവരെയും പിടികൂടി. സൗമ്യയുടെ കാമുകന് വിനോദ് സൗദിയിലാണ്.