കോട്ടയം: യൂത്ത്കോണ്‍ഗ്രസ് മെന്പർഷിപ്പ് ചേർക്കൽ ഇന്നു പൂർത്തിയാകുന്നതോടെ കോട്ടയം ജില്ലയിൽ മുന്നിലെത്തിയെന്ന അവകാശ വാദവുമായി ഐ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തി. ഇരുപതിനായിരം അംഗങ്ങളെ ചേർത്തതിൽ 11500 പേർ ഐ ഗ്രൂപ്പിലുണ്ടെന്നാണ് ഇവരുടെ അവകാശ വാദം.
ഒൻപത് നിയോജക മണ്ഡലങ്ങളിൽ ഏഴിടത്തും ഐ ഗ്രൂപ്പ് മുന്നിട്ടു നിൽക്കുന്നുവെന്നും നേതാക്കൾ അവകാശപ്പെടുന്നുണ്ട്. മുൻപ് ഇരുഗ്രൂപ്പുകൾക്കുമായി 12000 മെന്പർമാരാണ് ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ വർധിച്ച് ഇരുപതിനായിരത്തിൽ എത്തിയത്.
അതേ സമയം എ ഗ്രൂപ്പ് ഇതംഗീകരിക്കുന്നില്ല. കോട്ടയത്ത് മൂൻതൂക്കം എപ്പോഴും എ ഗ്രൂപ്പിനു തന്നെയാണ് അവർ പറയുന്നു. മുൻവർഷങ്ങളിൽ നിന്ന് ഒരു മാറ്റവും വന്നിട്ടില്ലെന്നും ഇവർ പറയുന്നു. എന്തായാലും തെരഞ്ഞെടുപ്പ് വരുന്പോഴറിയാം ഏതു ഗ്രൂപ്പിനാണ് ബലമെന്ന്.
ഭാരവാഹി തെരഞ്ഞെടുപ്പിന് 11ന് നോമിനേഷൻ നല്‍കണമെന്നാണ് നിർദേശം. പാർലമെന്റ് തെരഞ്ഞെടുപ്പിനു ശേഷമാവും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ്. അതിനാൽ നോമിനേഷൻ തീയതി മാറ്റണമെന്ന് കേരളത്തിലെ നേതാക്കൾ എഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.