കോഴഞ്ചേരി: ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് നായർ സർവീസ് സൊസൈറ്റി നടത്തിയ നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ അംഗത്വം പുതുക്കി നൽകിയില്ല. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.ജി. രാമചന്ദ്രൻനായരുടെ അംഗത്വമാണ് പുതുക്കി നൽകാതിരുന്നത്. റിട്ടയേഡ് പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന ഇദ്ദേഹം 2010 ലെ തെരഞ്ഞെടുപ്പിലാണ് തോട്ടപ്പുഴശേരി പത്താം വാർഡായ വെള്ളങ്ങൂരിൽ നിന്നും സിപിഎം സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച് പ്രസിഡന്റായത്.
ഈ വാർഡിൽ നിന്നും ആദ്യമായി വിജയിക്കുന്ന എൽഡിഎഫ് അംഗവുമായിരുന്നു രാമചന്ദ്രൻ നായർ.ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് തിരുവല്ല താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ തിരുവല്ലയിലും തോട്ടപ്പുഴശേരി, മാരാമണ്, വെള്ളങ്ങൂർ കരയോഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേകമായി നടത്തിയ നാമജപ ഘോഷയാത്രയിലും വെള്ളങ്ങൂർ 1374-ാം നന്പർ എൻഎസ്എസ് കരയോഗത്തിന്റെ പ്രതിനിധിയായിട്ടാണ് ഇദ്ദേഹം പങ്കെടുത്തത്.
സിപിഎമ്മിന്റെ വെള്ളങ്ങൂർ ബ്രാഞ്ച് മെംബറാണ് ഇദ്ദേഹം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി സജീവമായി ഇദ്ദേഹം രംഗത്തുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം നടന്ന പാർട്ടി ലോക്കൽ കമ്മിറ്റി നടത്തിയ സ്കൂട്ടണിയിലാണ് മെംബർഷിപ്പ് പുതുക്കി നൽകേണ്ട എന്ന് തീരുമാനിച്ചത്. ബ്രാഞ്ച് കമ്മിറ്റി ഇദ്ദേഹത്തിന്റെ മെംബർഷിപ്പ് തുക വാങ്ങുകയും അംഗത്വം പുതുക്കി നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നതാണ് .
എന്നാൽ വെള്ളങ്ങൂർ സർവീസ് സഹകരണ ബാങ്കിന്റെ നിലവിലെ പ്രസിഡന്റ് ജോണ് ലൂക്കോസിന്റെ കാലാവധി രണ്ടരവർഷം പൂർത്തിയായികഴിയുന്പോൾ ബാങ്ക് ഡയറക്ടർ ബോർഡംഗമായ രാമചന്ദ്രൻനായരെ പ്രസിഡന്റാക്കണമെന്ന പാർട്ടി തീരുമാനം അട്ടിമറിക്കാൻ ഒരു പ്രാദേശിക നേതാവ് നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് മെംബർഷിപ്പ് പുതുക്കി നൽകാതിരുന്നതെന്ന് പറയപ്പെടുന്നു.