കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങൾ പകർത്തിയ കേസിലെ മെമ്മറി കാർഡ് പോലീസ് പിടിച്ചെടു ത്തതായി സൂചന. കേസിലെ പ്രതിയായ പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിന്റെ കൈയിൽനിന്നാണ് മെമ്മറി കാർഡ് കണ്ടെത്തിയത്.
നിലവിൽ മെമ്മറി കാർഡിൽ ദൃശ്യങ്ങളൊന്നുമില്ലെന്നാണ് വിവരം. ദൃശ്യങ്ങൾ മായിച്ചതാണോ എന്ന് അറിയാൻ ഫോറൻസിക് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാജു ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി ആലുവ പോലീസ് ക്ലബിൽ എത്തിക്കുകയും ചെയ്തിരുന്നു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ അഡ്വ. പ്രതീഷ് ചാക്കോ ഒളിവിലാണ്. കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാർഡ് സുനി കൈമാറിയതു പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പോലീസിനു ലഭിച്ച വിവരം.