ആലപ്പുഴ: ആലപ്പുഴയിൽ നിന്നും എറണാകുളം ഭാഗത്തേക്കു പോകുന്ന മെമു സർവീസിൽ അനുഭവപ്പെുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യാനുസരണം കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ദക്ഷിണ റയിൽവേ ഡിവിഷണൽ മാനേജർക്ക് നിർദേശം നൽകി.
ഇല്ലെങ്കിൽ ആലപ്പുഴ-എറണാകുളം റൂട്ടിൽ പാസഞ്ചർ സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കായംകുളത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന 56350-ാം നന്പർ പാസഞ്ചർ തീവണ്ടി എറണാകുളത്ത് രാവിലെ പത്തിന് എത്തുന്ന തരത്തിൽ പുനഃക്രമീകരിക്കണമെന്ന ആവശ്യവും റയിൽവേ അനുഭാവപൂർവം പരിഗണിക്കണം.
ഇപ്പോൾ 11.15 നാണ് തീവണ്ടി എറണാകുളത്ത് എത്തുന്നത്. ഹൈക്കോടതി അഭിഭാഷകനും വിവരാവകാശ പ്രവർത്തകനുമായ അഡ്വ. ഡി.ബി. ബിനുവും ചേർത്തല തുറവൂർ സ്വദേശി പി. പ്രേംകുമാറും സമർപ്പിച്ച പരാതിയിലാണ് നടപടി. ദക്ഷിണറയിൽവേ ഡിവിഷണൽ മാനേജർ ഡിസംബർ മൂന്നിനു നടക്കുന്ന സിറ്റിംഗിൽ പരാതി പരിഹരിച്ച് റിപ്പോർട്ട് ഹാജരാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ആലപ്പുഴ-എറണാകുളം പാസഞ്ചർ തീവണ്ടിയാണ് (നന്പർ 66314) പരാതിക്കാർ ചേർത്തല- എറണാകുളം യാത്രയ്ക്ക് ആശ്രയിച്ചിരുന്നത്. ഇതിൽ 12 കോച്ചുകൾ മാത്രമാണുണ്ടായിരുന്നതും. തിരക്ക് വർധിച്ചതോടെ അഡ്വ. ഡി.ബി. ബിനു ഉപഭോക്തൃകോടതിയെ സമീപിച്ച് കോച്ച് 16 ആക്കി വർധിപ്പിച്ചിരുന്നു.
എന്നാൽ പ്രസ്തുത തീവണ്ടിക്ക് പകരം ഇക്കഴിഞ്ഞ ഒക്ടോബർ 22 മുതൽ മെമു സർവീസ് ആരംഭിച്ചു. ഇതോടെ യാത്രക്കാർ വീണ്ടും ദുരിതത്തിലായി. അവർ പ്രതിഷേധം ശക്തമാക്കിയെങ്കിലും റയിൽവേ കണ്ടില്ലെന്ന് നടിക്കുന്നുവെന്നായിരുന്നു പരാതി. തികച്ചും ന്യായമായ ആവശ്യം റയിൽവേ കണ്ടില്ലെന്ന് നടിക്കരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.