സിജോ പൈനാടത്ത്
കൊച്ചി: എറണാകുളത്തുനിന്ന് ആലപ്പുഴ വരെയുള്ള മെമു ട്രെയിനിൽ കോച്ചുകളുടെ എണ്ണം കൂട്ടാനുള്ള യാത്രക്കാരുടെ ആവശ്യത്തോടു പുറംതിരിഞ്ഞു റെയിൽവേ. വലിയ തിരക്കുള്ള ട്രെയിനിൽ കോച്ചുകൾ വർധിപ്പിക്കാൻ പര്യാപ്തമായ യാത്രക്കാർ നിലവിലില്ലെന്ന വിചിത്രവാദമാണു റെയിൽവേയുടെ സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്. റെയിൽവേ തിരുവനന്തപുരം ഡിവിഷൻ സീനിയർ ഓപ്പറേഷൻ മാനേജർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നൽകിയ സത്യവാങ്മൂലത്തിലാണു ഇക്കാര്യം പറയുന്നത്.
മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം 12 നിന്ന് 16 ആക്കി വർധിപ്പിക്കാൻ കഴിയില്ലെന്നു റെയിൽവേ വ്യക്തമാക്കി. 12 കോച്ചുകളുള്ള മെമു മാത്രമേ കൊല്ലത്തുള്ള യാർഡിൽ റിപ്പയർ ചെയ്യാനാകൂ എന്നതും കോച്ചു വർധിപ്പിക്കുന്നതിനു തടസമാണ്. യാർഡിൽ സൗകര്യം വർധിപ്പിക്കാൻ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനു കഴിയാത്ത സാഹചര്യമാണു നിലവിലുള്ളതെന്നും സത്യവാങ്മൂലം പറയുന്നു.
തുറവൂരിൽ നിന്നും എറണാകുളം വരെയുള്ള 28 കിലോമീറ്റർ ദൂരം മാത്രമാണു ട്രെയിനിൽ തിരക്ക് കൂടുതലുള്ള തെന്നും റെയിൽവേ മറുപടിയിൽ വ്യക്തമാക്കുന്നു. സാധാരണ മെമുവിൽ എട്ടു കോച്ചുകളാണുള്ളത്. ആലപ്പുഴ തീരദേശ പാതയുടെ പ്രാധാന്യം കണക്കിലെടുത്താണ് 12 കോച്ചുകളാക്കിയിട്ടുള്ളത്.
എറണാകുളം-ആലപ്പുഴ റൂട്ടിലെ പാസഞ്ചർ ട്രെയിൻ കഴിഞ്ഞ ഒക്ടോബർ 22 മുതൽ മെമു ആക്കിയതോടെ യാത്രക്കാരെ ഉൾക്കൊള്ളാനാവാത്ത സ്ഥിതിയുണ്ട്. ആലപ്പുഴ വരെ ശരാശരി 386- 600 യാത്രക്കാരാണു യാത്ര ചെയ്യുന്നത്. ആലപ്പുഴ മുതൽ ചേർത്തല വരെ 500 മുതൽ 600 വരെ. ഇതു സീറ്റിംഗ് കപ്പാസിറ്റിയേക്കാൾ കുറവാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിലെ അഭിഭാഷകനായ വിവരാവകാശ പ്രവർത്തകൻ ഡി.ബി.ബിനുവും ചേർത്തല തുറവൂർ സ്വദേശി പ്രേംകുമാറും സമർപ്പിച്ച ഹർജിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് റെയിൽവേയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള മറുപടിയായാണു റെയിൽവേ സത്യാവാങ്മൂലം നൽകിയിട്ടുള്ളത്.
മെമുവിന്റെ ഒരു കൊച്ചിൽ 65 പേർക്ക് ഇരിക്കാനും 114 പേർക്ക് നിൽക്കാൻ കഴിയും. 12 എണ്ണത്തിൽ 915 – 927 പേർക്കു ഇരുന്നും 1647 പേർക്ക് നിന്നും യാത്ര ചെയ്യാം. മൊത്തം 2562 പേർക്ക് ഒരേസമയം യാത്രചെയ്യാം. 16 കോച്ചുള്ള പഴയപാസഞ്ചർ ട്രെയിനിലെ ആളുകളെ 12 കോച്ചുള്ള മെമു ട്രെയിനിൽ ഉൾക്കൊള്ളാൻ കഴിയുമെന്ന സത്യാവാങ്മൂലത്തിലെ വിചിത്രമായ വാദം ഉൾക്കൊള്ളാനാവുന്നതല്ലെന്നു ഡി.ബി. ബിനു പറഞ്ഞു.
പുതിയ മെമു ഏർപ്പെടുത്തിയതോടെ യാത്രാസമയം കുറയ്ക്കാനും സമയനിഷ്ഠ പാലിക്കാനും ചെലവ് ഗണ്യമായി കുറയ്ക്കാനും റെയിൽവേയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നു സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.