കൊല്ലം: വേണാട് എക്സ്പ്രസിലെ തിരക്ക് ഒഴിവാക്കാൻ കൊല്ലം-എറണാകുളം റൂട്ടിൽ മെമു സർവീസ് പ്രഖ്യാപിച്ചെങ്കിലും ആശങ്കകൾ പങ്കുവച്ച് സ്ഥിരം യാത്രികർ. രാവിലെ 6.15 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 9.35 ന് എറണാകുളത്ത് എത്തും. തുടർന്ന് 9.50 നാണ് കൊല്ലത്തിന് തിരിക്കുക. ഇത് അശാസ്ത്രീയമാണെന്നാണ് യാത്രക്കാരുടെ നിലപാട്. ആവശ്യത്തിന് യാത്രക്കാർ ഈ സമയത്ത് ഉണ്ടാകില്ല.
യാത്രക്കാരും വരുമാനവും ഇല്ലെന്ന് പറഞ്ഞ് ഈ സർവീസ് ഒടുവിൽ റദ്ദ് ചെയ്യാനുള്ള സാധ്യത ഏറെയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.വേണാടിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യമെങ്കിൽ തിരികെയുള്ള മെമുവും വൈകുന്നേരമാണ് സർവീസ് നടത്തേണ്ടതെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
എറണാകുളത്ത് നിന്ന് 16649 മംഗലാപുരം -കന്യാകുമാരി പരശുറാം എക്സ്പ്രസ് പോയ ശേഷം കൊല്ലത്തേയ്ക്കുള്ള മെമു പുറപ്പെടും വിധം സമയം ക്രമീകരിക്കണം. എങ്കിൽ മാത്രമേ വേണാടിലെ വൈകുന്നേരത്തെ തിരക്ക് ഒഴിവാക്കാൻ ഉപകരിക്കുകയുള്ളൂവെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകളും ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് സംഘടനാ ഭാരവാഹികൾ റെയിൽ മന്ത്രി അശ്വനി വൈഷ്ണവിന് അടിയന്തിര നിവേദനവും നൽകി. അൺറിസർവ്ഡ് സ്പെഷൽ ട്രെയിൻ ആയി മെമു സർവീസ് നടത്തുമെന്നാണ് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്.
അതുകൊണ്ട് കൊല്ലത്തിനും എറണാകുളത്തിനും മധ്യേ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ടാകുമോ എന്ന കാര്യത്തിലും യാത്രക്കാർക്ക് ആശങ്കയുണ്ട്. ഇപ്പോൾ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന അൺ റിസർവ്ഡ് സ്പെഷലുകൾ ചിലത് എല്ലാ സ്റ്റേഷനുകളിലും നിർത്താറില്ല. പുതിയ മെമുവിന്റെ നമ്പരുകളും ( 06169/06170) റെയിൽവേ പ്രസിദ്ധീകരിച്ച് കഴിഞ്ഞു.
എന്നാൽ റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ വണ്ടിയുടെ വിശദാംശങ്ങൾ ലഭ്യമല്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിൻ്റെ അപ്ഡേഷൻ ഉണ്ടാകുമെന്നാണ് ദക്ഷിണ റെയിൽവേ അധികൃതർ പറയുന്നത്. ഇതോടെ സ്റ്റോപ്പുകളുടെ കാര്യത്തിൽ വ്യക്തത വരുമെന്നും അവർ അഭിപ്രായപ്പെട്ടു.
നിലവിൽ ഈ മാസം ഏഴുമുതൽ 2025 ജനുവരി മൂന്നുവരെ താത്ക്കാലിക സർവീസായാണ് പുതിയ മെമു ട്രെയിൻ പ്രഖ്യാപിച്ചിട്ടുള്ളത്. പിന്നീട് സ്ഥിരം സർവീസ് ആക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ആഴ്ചയിൽ അഞ്ച് ദിവസം മാത്രമേ (തിങ്കൾ മുതൽ വെള്ളി വരെ) ഈ മെമു സർവിസ് നടത്തുകയുള്ളൂവെന്നത് മറ്റൊരു വലിയ പോരായ്മയാണ്. ശനിയും ഞായറും സർവീസ് ഇല്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെ എല്ലാ സർക്കാർ ഓഫീസുകൾക്കും ശനി പ്രവർത്തിദിനമാണ്. ഈ സാഹചര്യത്തിൽ ശനിയാഴ്ച മെമു സർവീസ് നടത്താത്തത് യാത്രാ ദുരിതത്തിന് കാരണമാകുമെന്നും യാത്രക്കാർ പറയുന്നു. ശനി കൂടി മെമു ഓടിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
ഇപ്പോൾ കേരളത്തിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകൾ ആഴ്ചയിൽ ഒരു ദിവസം ഓടാറില്ല. കോച്ചുകളുടെ മെയന്റനൻസ് നടത്തുന്നതിന് വേണ്ടിയാണിത്. കോച്ചുകളുടെ എണ്ണം 12 ആക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ ആവശ്യത്തിന് മെമു റേക്കുകൾ കേരളത്തിൽ ഇല്ല എന്നാണ് അധികൃതർ പറയുന്നത്.
കൂടുതൽ റേക്കുകൾ ലഭിക്കുന്ന മുറയ്ക്ക് പുനലൂർ -എറണാകുളം റൂട്ടിൽ മറ്റൊരു മെമു കൂടി അനുവദിക്കാൻ സാധ്യതയുണ്ട്. പുതിയ മെമുവിന്റെ ഉദ്ഘാടന യാത്രയിൽ കൊല്ലം മുതൽ എറണാകുളം വരെ കൊടിക്കുന്നിൽ സുരേഷ് എംപിയും പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
- എസ്.ആർ. സുധീർകുമാർ