കോഴിക്കോട്: മലബാറുകാരുടെ ട്രെയിൻ യാത്രാ ദുരിതത്തിന് പരിഹാരമായില്ല. തിരക്കേറിയ സമയത്ത് ട്രെയിനിൽ യാത്ര ചെയ്യാൻ ജനങ്ങൾ നരഗിക്കുന്പോഴും പറഞ്ഞ വാദ്ഗാനം റെയിൽവേ നടപ്പാക്കുന്നില്ല. യാത്രക്കാരുടെ നിരന്തരം ആവശ്യപ്രകാരം ദുരിതയാത്രയ്ക്ക് പരിഹാരം കാണാനായി പാതയിൽ മെമു സർവീസ് ആരംഭിക്കാമെന്ന റെയിൽവേയുടെ തീരുമാനം ഇന്നും കടലാസിൽ തന്നെയാണ്. മൂന്ന് വർഷം മുന്‍പാണ് മലബാറിൽ കോഴിക്കോട് വഴി കണ്ണൂരിലേക്ക് മെമു സർവീസ് ആരംഭിക്കാൻ കേന്ദ്രം അനുമതി നൽകിയത്.
എന്നാൽ അനുമതി ലഭിച്ചതല്ലാതെ നാളിതുവരെ കോഴിക്കോട്ടേക്ക് മെമു കുതിക്കാൻ തുടങ്ങിയിട്ടില്ല. മെമു റേക്ക് (മെമു കോച്ചുകൾ) പാലക്കാട് ഡിവിഷന് ലഭിക്കാത്തതാണ് മലബാറിൽ മെമു സർവീസ് ആരംഭിക്കാൻ തടസമായി നിൽകുന്നത്. നിലവിൽ 4 റേക്കുകളാണ് പാലക്കാട് ഡിവിഷന് കീഴിൽ മെമു സർവീസ് നടത്തുന്നത്. ഇതിന് പുറമെ ചുരുങ്ങിയത് രണ്ട് റേക്കെങ്കിലും ലഭിച്ചാൽ മാത്രമേ മലബാറിലേക്ക് സർവീസ് നടത്താൻ സാധിക്കുകയുള്ളൂ. ഇതിനായി മൂന്ന് വര്‍ഷം മുന്‍പ് തന്നെ അപേക്ഷ നല്കി കാത്തിരിക്കുകയാണ് പാലക്കാട് ഡിവിഷൻ.
റെയില്‍വേ ബോര്‍ഡാണ് ഓരോ ഡിവിഷനുകള്‍ക്കും റേക്ക് അനുവദിക്കുക. മലബാറിൽ പീക്ക് അവറിൽ ആണ് യാത്ര ദുരിതം കൂടുതലുമായി അനുഭവിക്കുന്നതെന്നാണ് റെയിൽവേ ബോർഡ് നേരത്തെ കണ്ടെത്തിയത്. പീക്ക് അവറിലെ തിരക്ക് കുറയ്ക്കാൻ മലബാറിൽ മെമു അനുവദിക്കുന്നതിനേക്കാൾ ആവശ്യം മറ്റു സ്ഥലങ്ങളിൽ മുഴുവൻ സമയവും മെമു സർവീസ് നടത്തുന്നതാണെന്ന ബോർഡിന്റെ വിലയിരുത്തലും ഇവിടെ റേക്ക് അനുവദിക്കുന്നതിന് തടസമാകുന്നുണ്ട്.
നേരത്തെ സോണല്‍ മാനേജര്‍ അടക്കമുള്ളവര്‍ കോഴിക്കോട്ടെത്തി പാത പരിശോധനയും പൂര്‍ത്തിയാക്കി ഉടന്‍ മെമു സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. മെമു സര്‍വീസ് ആരംഭിക്കുന്നതോടെ മലബാറിലെ യാത്ര ദുരിതത്തിന് ശാശ്വത പരിഹാരമാവുമന്നാണ് യാത്രക്കാരും വിലയിരുത്തുന്നത്. ഹ്രസ്വ ദൂര യാത്രക്കാര്‍ക്കും ദീര്‍ഘ ദൂര യാത്രക്കാര്‍ക്കും ഒരു പോലെ ആശ്രയിക്കാവുന്നതാണ് മെമു സര്‍വീസ്.
അതേസമയം രണ്ടു റേക്കുകൾ പാലക്കാട്ട് മെമു ഷെഡിന്റെ പണി പുരോഗമിക്കുകയാണെന്ന് പാലക്കാട് ഡിവിഷൻ പിആർഒ എം.കെ. ഗോപിനാഥ് പറഞ്ഞു. ഷെഡിന്റെ പണി തീരുന്നതോടെ പാലക്കാട് ഡിവഷന് കൂടുതൽ റേക്കുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടേക്ക് രണ്ടു റേക്കുകൾ ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.