കടുത്തുരുത്തി: വേണാട് എക്സ്പ്രസിനായി മെമു ട്രെയിന്‍ വൈകിക്കുന്നതായി യാത്രക്കാരുടെ പരാതി. എല്ലാ ദിവസവും വൈകിട്ട് 6.15നു എറണാകുളം ജംഗ്ഷന് (സൗത്ത്) സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു സ്പെഷല്‍ ആണ് കോട്ടയം വഴിയുള്ള ഗ്രാമീണജനതയുടെ ഏക ആശ്രയം.
ഗ്രാമപ്രദേശങ്ങളില്‍ നിന്നും കൊച്ചി നഗരത്തിലേക്ക് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തുന്ന ആയിരക്കണക്കിന് സ്ത്രീകളും വിദ്യാര്‍ഥികളും ദിവസവേതനക്കാരായ തൊഴിലാളികളുമാണ് വൈകിട്ട് വീടുകളിലെത്താന്‍ ഈ മെമു സര്‍വീസിനെ ആശ്രയിക്കുന്നത്.
എന്നാല്‍ ദിവസവും 5.25 നു എറണാകുളം ജംഗ്ഷനില്‍ നിന്നു പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് വൈകി 5.45 നും ആറിനും ഇടയിലായി പുറപ്പെടുന്നത് മൂലം കൊല്ലം മെമു എറണാകുളം പ്ലാറ്റ്ഫോമില്‍ എത്താന്‍ വൈകുകയും ഇതുമൂലം വൈകി പുറപ്പെടുകയും ചെയ്യുകയാണ്.
ഇതിനാൽ ഗ്രാമപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍ എത്തി അവിടുന്ന് ബസിനെ ആശ്രയിക്കുന്ന സ്ത്രീകളും വിദ്യാര്‍ഥികളും അടക്കമുള്ള ആളുകൾ രാത്രിയില്‍ മറ്റു മാര്‍ഗങ്ങളില്ലാതെ കഷ്ടപ്പെടുകയാണ്.
കായംകുളത്ത് നിന്നു ദിവസവും എറണാകുളത്തെത്തി കൊല്ലത്തേക്ക് മടങ്ങുന്ന മെമു വൈകിട്ട് കൃത്യസമയത്ത് എറണാകുളം ജംഗ്ഷന് സി ക്യാബിനില്‍ എത്തുന്നുണ്ടെങ്കിലും അനാവശ്യമായി വേണാട് എക്സ്പ്രസിന് നല്കുന്ന മുന്ഗണനമൂലം പിടിച്ചിടുന്നതാണ് ദുരിതത്തിന് കാരണം.
വേണാട് എക്സ്പ്രസ് പുറപ്പെടാന്‍ വൈകുകയാണെങ്കില്‍ മെമുവിനെ ഔട്ടറില്‍ പിടിച്ചിടാതെ ഒഴിവുള്ള മറ്റു പ്ലാറ്റ്ഫോമില്‍ എത്തിച്ചു ഡ്യൂട്ടി ചെയ്ഞ്ച് അടക്കം നടത്തുകയാണെങ്കില്‍ മെമുവിലെ സ്ഥിരം യാത്രക്കാരടക്കം ഉള്ള യാത്രക്കാര്‍ക്കും രാത്രി ഇരുട്ടുന്നതിനു മുന്നേ വീട്ടില്‍ എത്താമെന്ന് യാത്രക്കാര്‍ ചൂണ്ടികാണിക്കുന്നു.
6.30 ഓടു കൂടി ദിവസവും കൊല്ലം മെമു എറണാകുളം ജംഗ്ഷനില്‍ നിന്നു പുറപ്പെടുന്നതിനാല്‍ 6.40നുള്ള പാലരുവി എക്സ്പ്രസും മെമുവും അടുത്തടുത്തായി കടന്നു പോകുന്നതും യാത്രക്കാര്‍ക്ക് ഗുണകരമാവുന്നില്ല.