പുണ്യനദിയായ ഗംഗയില്‍ കുളിച്ചാല്‍ എല്ലാവിധ തിന്മകളും പാപങ്ങളും വിട്ടുപോകുമെന്ന വിശ്വാസമുണ്ട് ഭാരതീയരായ പലര്‍ക്കും. എന്നാല്‍ വളരെ വിചിത്രമായ ഒരാവശ്യത്തിനുവേണ്ടി ഗംഗയില്‍ കുളിച്ച് പാപമോചനം യാചിച്ചിരിക്കുകയാണ് ഏതാനും പുരുഷന്മാര്. കടുത്ത ഫെമിനിസ്റ്റുകളായ ഭാര്യമാരില്‍ നിന്ന് മോചനം നേടാനെന്ന പ്രഖ്യാപനത്തോടെയാണ് 150 പുരുഷന്മാര് ഗംഗയില്‍ മുങ്ങിക്കുളിച്ചത്.
പുരുഷന്മാരെയും അവരുടെ കുടുംബങ്ങളെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന് എന്ന സംഘടനയുടെ മേല്‍നോട്ടത്തിലാണ് വിചിത്രമായ ഈ ആചാരം. തങ്ങളുടെ സംഘടനയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ആഴ്ച 150 അസംതൃപ്ത ഭര്ത്താക്കന്മാര് വരാണാസിയിലെത്തിയതെന്ന് സംഘടന വിശദീകരിക്കുന്നു.
വിവാഹബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജീവിച്ചിരിക്കുന്ന ഭാര്യമാര്‍ക്ക് അന്ത്യകര്‍മങ്ങളും വിവാഹബന്ധത്തിലെ കയ്പ്പുള്ള ഓര്‍മകള്‍ മറക്കാന്‍ പ്രത്യേക പൂജയും നടത്തിയാണ് ഇവര്‍ മടങ്ങിയത്. മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിപോലും ഇവിടെ പ്രത്യേക മന്ത്രാലയമുണ്ട്. പക്ഷെ പുരുഷന്മാരുടെ സംരക്ഷണത്തിനായി ഒരു വകുപ്പുപോലുമില്ല. മൃഗങ്ങളെക്കാള്‍ മോശമായിട്ടാണോ പുരുഷന്മാരെ പരിഗണിക്കേണ്ടത്?” പുരുഷാവകാശ പ്രവര്ത്തകന് അമിത് ദേശ്പാണ്ടെ ചോദിക്കുന്നു.
‘വര്‍ഷങ്ങളായി ഇവര്‍ ഭാര്യമാരുടെ പീഡനം സഹിച്ചുവരികയായിരുന്നു. അവരുടെ മനസമാധാനം തന്നെ തട്ടിതെറിപ്പിക്കപ്പെട്ടു. വൈവാഹിക ബന്ധത്തിന്റെ വിഴുപ്പ് ചുമക്കേണ്ടിവന്നു’. മറ്റൊരു പുരുഷാവകാശ പ്രവര്ത്തകന് ചോദിക്കുന്നു.
നിയമങ്ങളെല്ലാം പുരുഷന്മാര്ക്ക് എതിരാണെന്നും 92,000 ഭര്ത്താക്കന്മാരാണ് രാജ്യത്ത് ഒരു വര്‍ഷം ഭാര്യമാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതെന്നും മറുവശത്ത് 24,000 ഭാര്യമാര്‍ മാത്രമാണ് പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു. 200 ലധികം ശാഖകളുള്ള സംഘടനയില്‍ 4000 ത്തിലധികം പ്രവര്‍ത്തകരാണുള്ളത്.